photo

കോന്നി : കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് ഇന്ന് നാല് വയസ് തികയുമ്പോഴും അന്വേഷണം എങ്ങും എത്തിയില്ല. കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളായ തെങ്ങുംകാവ് പുത്തൻപറമ്പിൽ രവികുമാറിന്റെ മകൾ രാജി (17), ഐരവൺ പുതുമല രാമചന്ദ്രന്റെ മകൾ ആതിര.എസ്.നായർ (17), ഐരവൺ തോപ്പിൽ ലക്ഷംവീട് കോളനിയിൽ കെ. സുരേഷിന്റെ മകൾ ആര്യ.കെ.സുരേഷ് (17) എന്നിവരാണ് നാലുവർഷം മുമ്പ് മരിച്ചത്. 2015 ജൂലൈ 9 ന് സ്‌കൂളിലേക്ക് പുറപ്പെട്ട മൂവരും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടുവിട്ട വിവരം അറിയുന്നത്. വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളുരുവിൽ എത്തിയതായി സൂചന ലഭിച്ചു. റെയിൽവേ സ്​റ്റേഷനുകളിലും ബംഗളുരുവിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബംഗുളുരുവിൽ എത്തിയ മൂവരും നാട്ടിലേക്ക് തിരിച്ചെന്നും വീണ്ടും ബംഗുളുരുവിലേക്ക് പോയെന്നും പിന്നീട് അറിഞ്ഞു. പണത്തിനായി ഇവർ വി​റ്റ ടാബും അത് വാങ്ങിയ കടക്കാരനെയും കണ്ടെത്തിയെങ്കിലും കുട്ടികളെപ്പ​റ്റി വിവരം ലഭിച്ചില്ല. ജൂലായ് 13ന് ഒ​റ്റപ്പാലം മങ്കരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ നിന്ന് രാജി, ആതിര എന്നിവരുടെ മൃതദേഹവും കുറെ അകലെയായി ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആര്യയും ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. ഇതോടെ എല്ലാ തെളിവുകളും വഴികളും അടഞ്ഞു.

അന്വേഷണം ഇങ്ങനെ,
കോന്നി സി.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഐ.ജിയായിരുന്ന ബി. സന്ധ്യയും പിന്നീട് റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമും ഏ​റ്റെടുത്തു. കുട്ടികളുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകി. വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പൊലീസ് മൊഴിയെടുത്തു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും പെൺകുട്ടികളുടെ വീടുകളിലെത്തി. ഫോറൻസിക്, പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം
പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും യാതൊരു പുരോഗതിയുമില്ല. പൊലീസ് സഞ്ചരിച്ച അതേ വഴികളിലൂടെ തന്നെയാണ് ക്രൈംബ്രാഞ്ചും പോയത്. ഇപ്പോൾ അന്വേഷണം നിലച്ചിരിക്കുകയാണ്. ദുരൂഹമരണങ്ങളുടെ ചുരുളഴിയ്ക്കുമെന്ന് വീട്ടുകാരും നാട്ടുകാരും വിശ്വസിച്ച ക്രൈംബ്രാഞ്ചും കേസ് ഡയറി മടക്കിയതോടെ വീണ്ടും നീതിപീഠത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ
പെൺകുട്ടികൾ എന്തിന് ബംഗളുരുവിലേക്ക് പോയി ?

പെൺകുട്ടികളെ ബംഗളുരുവിലേക്ക് ക്ഷണിച്ചതാര് ?

ബംഗളുരു യാത്രയുടെ ലക്ഷ്യം എന്ത് ?

എന്തിന് കുട്ടികൾ ജീവനൊടുക്കണം?

കാണാതായത് : 2015 ജൂലൈ 9

മരണം : 2015 ജൂലായ് 13