പത്തനംതിട്ട: പ്രളയം തകർത്ത വീട് പുനർനിർമ്മിക്കാനുള്ള ധനസഹായം രാഹുൽ ഗാന്ധി വീട്ടിൽ കയറിയതിന്റെ പേരിൽ നിഷേധിക്കപ്പെട്ട സി.പി.എം അനുഭാവിക്ക് സഹായവുമായി കോൺഗ്രസ് നേതാക്കളെത്തി. ആറൻമുള എഴീക്കാട് കോളനിയിലെ രഘുനാഥന് വീടു വയ്ക്കാൻ കോൺഗ്രസ് അഞ്ചു ലക്ഷം രൂപ നൽകും.
കഴിഞ്ഞ പ്രളയത്തിൽ നൂറോളം പേരെ രക്ഷിച്ചിരുന്നു രഘുനാഥൻ. ഇതിന് രാഹുൽ വീട്ടിലെത്തി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിനെ തുടർന്ന് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അകൽച്ച കാട്ടുന്നെന്ന രഘുനാഥന്റെ സങ്കടം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയാണ് നിർദ്ധനനായ ഗൃഹനാഥന് തുണയായത്. കേരളകൗമുദി റിപ്പോർട്ട് പരിഭാഷയടക്കം ഇന്ന് രാഹുൽ ഗാന്ധിക്ക് പത്തനംതിട്ട ഡി.സി.സി അയയ്ക്കും.
പ്രളയത്തിൽ അടിത്തറ താഴ്ന്ന് ചുമർ വിണ്ടുകീറിയ നിലയിലാണ് രഘുനാഥന്റെ വീട്. കളക്ടറേറ്റിലും പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടും പുനർനിർമ്മിക്കാൻ ധനസഹായം ലഭിച്ചില്ല. ഏഴീക്കാട് വാർഡംഗവും സി.പി.എം പ്രതിനിധിയാണ്.
ഇന്നലത്തെ വാർത്ത കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രഘുനാഥന്റെ വീട്ടിലെത്തി ധനസഹായം ഉറപ്പു നൽകുകയായിരുന്നു. ഡി.സി.സിയുടെ നേതൃത്വത്തിൽ പണം സമാഹരിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവരുടെ ശ്രദ്ധയിലും പ്രശ്നം എത്തിച്ചിട്ടുണ്ട്.
എഴീക്കാട് പട്ടികജാതി കോളനിയിൽ ബ്ളോക്ക് 78 ബിയിലാണ് രഘുനാഥന്റെ വീട്. മീൻപിടിത്തക്കാരനായ രഘുനാഥൻ പുഞ്ചയിൽ വലയിട്ട് വള്ളത്തിൽ മടങ്ങുമ്പോഴാണ് പ്രളയം നാടിനെ മുക്കുന്നത് കണ്ടത്. കോളനിയിലെയും പരിസരത്തെയും നൂറോളം പേരെ സ്വന്തം വള്ളത്തിൽ രക്ഷപ്പെടുത്തി. ഇക്കാര്യമറിഞ്ഞ രാഹുൽ കഴിഞ്ഞ ആഗസ്റ്റ് 28നാണ് രഘുനാഥനെ കാണാനെത്തിയത്.
അർഹരെ സഹായിക്കും
നാശനഷ്ടമുണ്ടായ വീടുകളുടെ സർവേ വീണ്ടും തുടങ്ങിയതായും അർഹരായവർക്കെല്ലാം ധനസഹായം എത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ ഇന്നലെ അറിയിച്ചു. രഘുനാഥന്റെ അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.
" രാഹുൽ ഗാന്ധി വന്നതിന്റെ പേരിൽ രഘുനാഥന് സഹായം നിഷേധിക്കുന്നത് നീതികേടാണ്. രഘുനാഥനൊപ്പം കോൺഗ്രസുണ്ടാകും".
ബാബുജോർജ്, പത്തനംതിട്ട
ഡി.സി.സി പ്രസിഡന്റ്
'' എഴീക്കാട് കോളനിയിലെ പ്രശ്നം പാർട്ടിയുടെ അറിവിൽപ്പെട്ടിട്ടില്ല. വിഷയം പരിശോധിക്കും.
ആർ. അജയകുമാർ, സി.പി.എം
കോഴഞ്ചേരി ഏരിയാ സെക്രട്ടറി