പത്തനംതിട്ട : സംസ്ഥാന ജൂനിയർ റാങ്കിംഗ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 16 മുതൽ 20 വരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 17, അണ്ടർ 19 എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ജില്ലകളിൽ നിന്നുമായി എഴുന്നൂറിലധികം പേർ പങ്കെടുക്കും. കേരള സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷന്റെ നിയന്ത്രണത്തിലാകും മത്സരം. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ചെയർമാൻ ആയ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. എം.പിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ സംഘാടക സമിതിയുടെ രക്ഷാധികാരികളായി പ്രവർത്തിയ്ക്കുന്നുണ്ട്.
16ന് രാവിലെ ജില്ലാ കളക്ടർ പി.ബി നൂഹ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഫൈനൽ മത്സരങ്ങളിൽ മുൻ പൊലീസ് ഡയറക്ടർ ജനറൽ ജേക്കബ് പുന്നൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. ദേശീയ ഷട്ടിൽ ചാമ്പ്യനും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസ് , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പീറ്റർ, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ടി. ബിനുരാജ്, സെക്രട്ടറി ടി.ആർ രാജേഷ്, സംഘാടക സമിതിയംഗങ്ങളായ മാത്യു തോമസ്, ബോന്നി അജന്ത, ദിനേശ് പരുത്തിയാനിക്കൽ, എം.ജോ റോയ് എന്നിവർ പങ്കെടുത്തു.
പ്രമുഖ താരങ്ങൾ
സംസ്ഥാന ജൂനിയർ കളിക്കാരായ എൻ.പി.ഉദിത്ത്, ജേക്കബ് തോമസ്, ശ്രീധർ ശ്രീകുമാർ, എസ്.ഡി ആദിത്യൻ, അർച്ചന വർഗീസ്, ദിയ അരുൺ, ഗായത്രി നമ്പ്യാർ, അഞ്ജലി പ്രദീപ്, പവിത്ര നവീൻ, നയന ഒയാസീസ്, ടി.ആർ ഗൗരികൃഷ്ണ എന്നിവർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
വിജയികൾക്ക് സംസ്ഥാന ടീമിൽ ഇടം നേടാനാകും