പത്തനംതിട്ട: പ്രളയത്തിൽ വലിയ നഷ്ടങ്ങൾക്ക് ഇരയായ ജില്ലയിലെ കർഷകരെ കൈപിടിച്ച് ഉയർത്താൻ മൃഗസംരക്ഷണ വകുപ്പ് ഇതുവരെ 2,11,32,150 രൂപയുടെ സഹായമൊരുക്കി. ഇതിൽ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിച്ച തുകയും കാലിത്തീറ്റ വിതരണത്തിനായി ജില്ലാ കളക്ടർ അനുവദിച്ച തുകയും ആടുകളെ വിതരണം ചെയ്യുന്ന പദ്ധതിയും ഉൾപ്പെടും. മൃഗങ്ങളുടെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് മുൻതൂക്കം നൽകി. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് മൃഗങ്ങളെ മാറ്റുന്നതിന് സഹായം നൽകി. 58 അടിയന്തര ക്യാമ്പുകൾ സംഘടിപ്പിച്ചു. വിവിധ ക്യാമ്പുകളിലായി 800 ഓളം മൃഗങ്ങളെ മാറ്റി പാർപ്പിച്ചു. 2608 മൃഗങ്ങൾക്കുള്ള കാലി/ആട് തീറ്റകൾ കേരളാ ഫീഡ്‌​സ്, മിൽമ എന്നിവ മുഖേന വിതരണം ചെയ്തു. നാമക്കൽ പൗൾട്രി പ്രൊഡ്യുസേഴ്‌​സ് അസോസിയേഷനിൽ നിന്ന് ലഭിച്ച 50000 മുട്ടയും എൻ.ഡി.ഡി.ബിയുടെ അമൂൽ പ്ലാന്റിൽ നിന്ന് ടെട്ര പായ്ക്ക് പാലും അമൂൽ മിൽക്ക് പൗഡറും വിതരണം ചെയ്തു.


മൃഗസംരക്ഷണ മേഖലയിൽ

ജില്ലയിലെ നഷ്ടം: 5,51,9,350 ₹

മൃഗസംരക്ഷണ വകുപ്പ് മുഖേന

അനുവദിച്ച ധനസഹായം: 1,87,62,750 ₹

ധനസഹായം ലഭിച്ച കർഷകർ: 4587

വിതരണം ചെയ്ത തുക : 1,86,66,550 ₹

കാലിത്തീറ്റ വിതരണത്തിന് വിനിയോഗിച്ചത്: 15,65,600 ₹

ജില്ലാ കളക്ടർ അനുവദിച്ചത്: 9,00,000 ₹

എൻ.എൽ.എം.ഗോട്ടറി

ആടുകളെ നഷ്ടപ്പെട്ട ഗുണഭോക്താക്കൾക്ക് ആടുകളെ വിതരണം ചെയ്യുന്ന പദ്ധതി (എൻ.എൽ.എം.ഗോട്ടറി) പ്രകാരം 13,66,200 രൂപ ചെലവഴിച്ച് 23 ഗുണഭോക്താക്കൾക്ക് 253 ആടുകളെ വിതരണം ചെയ്തു. ബാക്കിയുള്ള 77 യൂണിറ്റുകൾക്ക് ഈ വർഷം പദ്ധതി നടപ്പാക്കും.


കനത്ത നഷ്ടങ്ങൾ

1. നിരണം ഡക്ക് ഫാമിലെ 2000ത്തിലേറെ താറാവുകളും 40000 ൽ ഏറെ മുട്ടകളും നശിച്ചുപോയി. ഫർണിച്ചറും കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങളും ഓഫീസ് രേഖകളും നശിച്ചു.

2.പത്തനംതിട്ട നഗരത്തിലെ ജില്ലാ വെറ്ററിനറി കോംപ്ലക്‌​സിന്റെ താഴത്തെ നില പൂർണമായും മുങ്ങിയിരുന്നു. വിവിധ മൃഗാശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള മരുന്നുകൾ, വാക്‌​സിനുകൾ, പുൽവിത്തുകൾ എന്നിവ നശിച്ചു.

3.ജില്ലാ മൃഗാശുപത്രിയിലെ ഫർണിച്ചർ, ഓഫീസ് രേഖകൾ, വിവിധ ഉപകരണങ്ങൾ ആംബുലൻസ് ജീപ്പ്, ഫ്രിഡ്ജുകൾ, ക്രയോക്യാനുകൾ, ജനറേറ്ററുകൾ, വാക്‌​സിൻ സൂക്ഷിക്കുന്നതിനുള്ള വാക്കാ ഇൻ കൂളർ എന്നിവ നശിച്ചു.

.......മൃഗസംരക്ഷണ വകുപ്പന്റെ 25​ൽ അധികം സ്ഥാപനങ്ങൾ പൂർണമായും വെള്ളത്തിലകപ്പെട്ടു. ഇവിടങ്ങളിലെ ഉപകരണങ്ങളും ഫർണിച്ചറും നശിച്ചുപോയി. ഇത്തരത്തിൽ രണ്ടു കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

ഡോ. അംബികാദേവി,

ജില്ലാ മൃഗസംരക്ഷണ ഓഫീസർ