problem
തിരുവല്ല റവന്യു ടവർ റോഡിലെ ഗതാഗതക്കുരുക്ക്

തിരുവല്ല: താലൂക്കിലെ ഭരണസിരാകേന്ദ്രമായ റവന്യു ടവറിലേക്കുള്ള റോഡിലെ അനധികൃത പാർക്കിംഗ് തലവേദനയാകുന്നു. വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾക്കൊപ്പം മറ്റു വാഹനങ്ങൾകൂടി ഇടുങ്ങിയ ഈ റോഡിൽ പാർക്ക് ചെയ്യുന്നത് പതിവാണ്. താലൂക്ക് ഓഫിസ്, വിവിധ കോടതികൾ, പൊലീസ് സ്റ്റേഷനുകൾ, സബ് ട്രഷറി, പൊതുമരാമത്ത് ഓഫിസുകൾ, ഫയർ സ്റ്റേഷൻ, ബീവറേജസ് മദ്യവില്പനശാല, മറ്റു സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ദിവസേന നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത്. എന്നാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തവിധം റോഡിന്റെ ഇരുവശങ്ങളിലും ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ടനിരയാണ് പാർക്ക് ചെയ്യുന്നത്. പ്രവർത്തി ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുക ദുഷ്‌കരമാണ്. ചിലപ്പോൾ
പാർക്കിഗിനെച്ചൊല്ലി തർക്കങ്ങളും പതിവാണ്. പലഭാഗത്തും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നിയമലംഘനം ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ നടപടിയെടുക്കാതെ അധികൃതർ ഒളിച്ചുകളിക്കുകയാണ്.

ഫയർഫോഴ്‌സിനും രക്ഷയില്ല
ഫയർഫോഴ്‌സ് വാഹനങ്ങളും കുരുക്കിൽ പെടുന്നത് പതിവാണ്. പിന്നീട് അരകിലോമീറ്ററോളം ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച് പ്രധാന റോഡിലെത്താൻ ഇവർക്ക് സാധിക്കൂ. ഇതിനിടെയാണ് ചെറുതും വലുതുമായ വാഹനങ്ങളുടെ തോന്നിയപോലെയുള്ള പാർക്കിംഗ്. മിക്കപ്പോഴും അലാറം മുഴക്കി കാത്തുകിടന്നാണ്‌ ഫയർഫോഴ്‌സിന്റെ വാഹനങ്ങൾക്ക് വഴിയൊരുങ്ങുന്നത്. പ്രശ്നം നിരവധി തവണ താലൂക്ക് സഭയിൽ ഉൾപ്പെടെ ചർച്ച ചെയ്‌തെങ്കിലും നടപടിയില്ല.

അത്യാവശ്യ സന്ദർഭങ്ങളിൽ പോകാനാകാതെ വഴിമുടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ പലയിടത്തും എത്തിപ്പെടാൻ വൈകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തയാറാകണം.

(ഫയർഫോഴ്‌സ് അധികൃതർ)