പത്തനംതിട്ട : എം എന്ന് അറിയപ്പെടുന്ന എം.ഡി.എം.എ ലഹരിയുടെ ഇരകളായി മലയാളി യുവത്വവും ഉരുകിത്തീരുന്നു. അത്യന്തം മാരകമായ ഈ ലഹരി ജില്ലയിൽ കടന്നിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് എറണാകുളത്ത് എം ലഹരി കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വീണ്ടും കായംകുളത്ത് അരഗ്രാം എം എക്‌സൈസ് സംഘം പിടികൂടി. കേരളത്തിന്റെ പലഭാഗത്തും രഹസ്യമായി എം.ലഹരി വില്പന നടക്കുന്നുണ്ട്. ലഹരി കേരളത്തിൽ പടർന്നിട്ട് അധികനാളായിട്ടില്ലെന്ന് എക്‌സൈസ് അധികൃതർ പറയുന്നു.
ഡി.ജെ പാർട്ടികളിലും നിശാസംഗീത വിരുന്നിലും അന്യസംസ്ഥാനങ്ങളിൽ എം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ബംഗളൂരു പോലെയുള്ള സ്ഥലങ്ങളിലാണ് സാധാരണ ഇങ്ങനെയുള്ള ലഹരികൾ കണ്ടെത്തുക. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നത് കൂടുതലും വിദ്യാർത്ഥികളാണ്. പഠനവുമായോ ജോലിയുമായോ ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളിൽ എത്തുന്ന യുവാക്കൾ ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്നു. ലഹരിയ്ക്കായി എന്ത് ചെയ്യാനും ഇവർ തയാറാകുന്നതിനാൽ അത് വിതരണക്കാർ മുതലെടുക്കും. പിന്നീട് ഏജന്റുമാരാക്കി വില്പന നടത്തും. പിടിക്കപ്പെട്ടാലും പരസ്പരം പരിചയമില്ലാത്തതിനാൽ വിതരണക്കാരെ കണ്ടെത്താൻ കഴിയില്ല.

വാട്‌സ് ആപ്പ് ഗ്രൂപ്പും ഗൂഗിൾ പേയും
എം ലഹരിമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത് മൊബൈൽ ഫോൺ വഴിയാണ്. വാട്‌സ് ആപ്പിൽ ആവശ്യക്കാർക്ക് മാത്രമായി നിരവധി രഹസ്യഗ്രൂപ്പുകളുമുണ്ട്. വിശ്വസിക്കാം എന്ന് ഉറപ്പുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യുകയുള്ളു. ഗ്രൂപ്പിലുള്ളവർ പരസ്പരം ബന്ധമുള്ളവരാകില്ല. പരിചയക്കാരുണ്ടെങ്കിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് മാറ്റും. സ്ഥലവും സമയവും ഗ്രൂപ്പ് അഡ്മിൻ പറയുന്നതിനനുസരിച്ചാവും. ഗൂഗിൾ പേ വഴിയാണ് രൂപ കൈമാറുന്നത്.

ഒരു ഡോസ് ഉള്ളിൽ ചെന്നാൽ 45 മിനിറ്രിനുള്ളിൽ ലഹരി പ്രവർത്തിച്ച് തുടങ്ങും. അതിവൈകാരികതയാണ് ലഹരിയുടെ പ്രത്യേകത. ഹൃദ്രോഗം, വിഷാദ രോഗം, ഓർമക്കുറവ്, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചയില്ലായ്മ എന്നിവയെല്ലാം പരിണിത ഫലങ്ങളാണ്.

 0.1 ഗ്രാമിന് 3000 രൂപയാണ് വില. ആവശ്യം അനുസരിച്ച് വില കൂടും.

അരഗ്രാം കൈവശംവച്ചാൽ 10 വർഷം തടവും

ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

ബെഗളൂരു, മുംബൈ, ഹൈദരാബാദ് പോലെയുള്ള ഹൈടെക് നഗരങ്ങളിൽ വ്യാപകം

" പ്രധാനമായും ബംഗളൂരു കേന്ദ്രീകരിച്ചാണ് എം ലഹരി കച്ചവടം നടക്കുന്നത്. കുട്ടികളെ ആദ്യം ഉപയോഗിക്കാൻ നിർബന്ധിക്കുകയും പിന്നീട് കച്ചവടക്കാരാക്കി മാറ്റുകയും ചെയ്യുന്നു. "

സഞ്ജീവ് കുമാർ

പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ

M; മെത്തലീൻ ഡയോക്‌സി മെത്താഫീറ്റമിൻ (എം.ഡി.എം.എ )

വെളുത്ത ക്രിസ്റ്റൽ രൂപത്തിലുള്ള എം. ഒറ്റനോട്ടത്തിൽ ചെറിയ കൽക്കണ്ട തരിയായോ ഉപ്പ് കല്ല് പോലെയോ ആണ് തോന്നുക. ചെറിയ പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത രീതിയിലാണ് എം. ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ചിലപ്പോൾ പൊടിയായോ മറ്റ് രീതികളിലോ ആവാം.