അടൂർ: ആരോഗ്യമേഖലയ്ക്ക് സംസ്ഥാന സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും ഇത് ആരോഗ്യരംഗത്ത് കാതലായ മാറ്റത്തിന് വഴിയൊരുക്കിയെന്നും മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. മദർ തെരേസ പാലിയറ്റീവ് കെയർ സൊസൈറ്റിയുടെ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ താലൂക്കാശുപത്രികളിലും പുതിയ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ജില്ലാ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്കായുള്ള കാത്ത് ലാബുകളും ആരംഭിച്ചു. എല്ലാം ഉണ്ടെങ്കിലും കേരളത്തിൽ സാന്ത്വന പരിചരണം അനിവാര്യമായി മാറുകയാണ്. രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിയുകയെന്നതാണ് ആർദ്രം മിഷൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മദർ തെരേസ കിഡ്നി ഫൗണ്ടേഷൻ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എയും ഒ.പി യൂണിറ്റിന്റെ ഉദ്ഘാടനം കെ. എസ്. എഫ്. ഇ ചെയർമാൻ ഫിലിപ്പോസ് തോമസും നിർവഹിച്ചു. മരണാനന്തര അവയവദാന സമ്മതപത്രം മദർ തെരേസ പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ. പി ഉദയഭാനു ഏറ്റുവാങ്ങി. അഡ്വ. കെ.അനന്തഗോപൻ സുവനീർ പ്രകാശനം ചെയ്തു. കിടപ്പ് രോഗികൾക്കുള്ള വീൽചെയർ ഉദ്ഘാടനം മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള നിർവഹിച്ചു. 50 രോഗികൾക്കുള്ള പ്രതിമാസ ചികിത്സ സഹായതുക കേരളാ ടയേഴ്സ് ഉടമ റജി ചാക്കോയിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ പി. ബി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി റ്റി.ഡി ബൈജു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബി. സതികുമാരി, റ്റി. മുരുകേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ആർ അജീഷ് കുമാർ, പ്രസന്നകുമാരി, ഷൈലാ റെജി, അടൂർ നഗരസഭാ ചെയർപേഴ്സൺ ഷൈനി ബോബി, ഡോ:ശശി, പുനലൂർ ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ഷഹിൻഷാ, എ.പി സന്തോഷ്, ജോർജ് ബേബി, അബൂബക്കർ അഖിലം എന്നിവർ സംസാരിച്ചു. ച യോഗത്തിൽ പാലിയേറ്റിവ് കെയർ പ്രസിഡന്റ് അഡ്വ.എസ് മനോജ് സ്വാഗതവും ട്രഷറർ എ. റ്റി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു..