broken
പരുത്തിമൂട്ടിൽ പാലം

തിരുവല്ല: പടിക്കെട്ടുകൾ കയറിയിറങ്ങി ഇടുങ്ങിയ പാലത്തിലൂടെ അക്കരെയിക്കരെ യാത്രചെയ്തു നാട്ടുകാർ കുഴഞ്ഞു. പെരിങ്ങര പഞ്ചായത്തിൽ ചാത്തങ്കരി തോടിന്റെ കൈവഴിയായ തോമാടി ഇടതോടിന് കുറുകെയുള്ള പരുത്തിമൂട്ടിൽ പാലമാണ് ദുരിതമാകുന്നത്. പഞ്ചായത്തിലെ 14 - 15 വാർഡുകളിലെ ന്യൂ എൽ.പി.എസ് - മണക്കുതറ പടി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ കാൽനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച ചവിട്ടുപടി പാലമാണിത്. പാലം അപകടാവസ്ഥയിലായിട്ടും പുതുക്കി നിർമ്മിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു.

പ്രളയത്തിൽ വൻമരങ്ങൾ ഇടിച്ചത് ബലക്ഷയത്തിന് കാരണമായി

പാലത്തിന്റെ ഇരുവശത്തെയും തൂണുകൾ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. ഇരു തൂണുകളുടെ പല ഭാഗങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പാലത്തിലെ കോൺക്രീറ്റ് ഇളകി വീണ് കമ്പികൾ ദ്രവിച്ച് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ പടിക്കെട്ടുകളും പൊളിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ വൻമരങ്ങൾ വന്നിടിച്ചതും പാലത്തിന്റെ ബലക്ഷയം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രം, എസ്.എൻ.ഡി.പി സ്കൂൾ, മണക്ക് ആശുപത്രി, എസ്.എൻ.ഡി.പി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് 15-ാം വാർഡ് നിവാസികൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന വഴി കൂടിയാണിത്. റോഡിന്റെ ഒരുഭാഗത്ത് വീതികൂടിയ റോഡ് നിർമ്മാണവും പുരോഗമിക്കുകയാണ്. ഇടുങ്ങിയ പാലത്തിലൂടെ വാഹന ഗതാഗതവും സാദ്ധ്യമല്ല. ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സാദ്ധ്യമാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കണമെന്ന് ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകാത്തതിൽ പ്രദേശവാസികൾ നിരാശയിലാണ്.

ജനങ്ങളുടെ ദുരിതം അകറ്റാനും പ്രദേശത്തിന്റെ വികസനം സാദ്ധ്യമാക്കാനും പരുത്തിമൂട്ടിൽ പാലം പുതുക്കി നിർമ്മിക്കണം

(ചന്ദ്രു എസ്.കുമാർ, പൊതുപ്രവർത്തകൻ)

-14 -15 വാർഡുകളിലെ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

-അപകടാവസ്ഥയിലായിട്ട് കാൽ നൂറ്റാണ്ട്

-ഇരുവശത്തേയും തൂണുകൾ തകർന്നു

-കോൺക്രീറ്റ് ഇളകി വീണ് കമ്പികൾ ദ്രവിച്ചു

-ഏതുസമയോം നിലം പൊത്താം