konni-medical-college

പ്രമാടം : കോന്നി ഗവ. മെഡിക്കൽ കോളജിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് അടൂർ പ്രകാശ് എം.പി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോന്നി ഉപകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'സിവിൽ സർവീസ് അഭിരുചി' സെമിനാറിന്റെയും ഈ വർഷത്തെ പരിശീലന ക്ലാസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പ്രവർത്തനം തുടങ്ങാൻ സർക്കാരിന്റെ തീരുമാനം മാത്രം മതി. രാഷ്ട്രീയം കളിച്ച് അത് ഇല്ലായ്മ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികൾ കൃത്യമായ ലക്ഷ്യബോധത്തോടെ പഠനം നടത്തണമെന്നും സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിലൂടെ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ ലിപിൻ രാജ് ക്ലാസ് എടുത്തു. സിവിൽ സർവീസ് അക്കാദമിയിലെ അദ്ധ്യാപകരായ ഡോ. റോയിസ് മല്ലശേരി, ഡോ. നിബുലാൽ വെട്ടൂർ, സെന്റർ കോഓർഡിനേറ്റർ അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ലോക സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അഭിജിത് അമൽ രാജിനെ ആദരിച്ചു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കുമുള്ള ക്ലാസുകളാണ് ആരംഭിച്ചത്.