കൊടുമൺ: ഗ്രാമപഞ്ചായത്തിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി നിലം ഉള്ളവർക്ക് മത്സ്യക്കുളങ്ങൾ നിർമ്മിച്ച് നൽകുന്നു. ഏഴാം വാർഡിൽ പനവേലിൽ ഏലായിൽ വർഷങ്ങളായി തരിശുകിടന്ന നിലം ഐശ്വര്യയിൽ സുലജ അനിൽ വിലയ്ക്കുവാങ്ങി അതിൽ 20 മീറ്റർ നീളം, 20 മീറ്റർ വീതി, നാലര മീറ്റർ ആഴമുള്ള കുളമാണ് ആദ്യം നിർമ്മിക്കുന്നത്. പത്ത് പേർക്കെങ്കിലും തൊഴിൽ നൽകണമെന്ന് സദുദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 4,311,52 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 35 തൊഴിലാളികൾക്ക് 1452 തൊഴിൽദിനങ്ങൾ കണക്കാക്കുന്നു. കുളം കുഴിച്ചു വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ചു കൊടുക്കുന്ന ചുമതലയാണ് പഞ്ചായത്തിനുള്ളത്. അതോടൊപ്പം പൊതുജനങ്ങൾക്ക് വിഷരഹിത മത്സ്യം നൽകാം എന്ന ഉദ്ദേശവും ഉണ്ട്. കൊക്ക്, നീർക്കാക്ക തുടങ്ങിയ പക്ഷികളിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം കൃഷിക്കാരൻ വഹിക്കണം. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെയും, മീൻ വളർത്തലിനുള്ള ഉപദേശവും നൽകും. ഒമ്പതാം വാർഡിലും സമാനമായ മത്സ്യക്കുളം നിർമ്മിക്കുന്നുണ്ട്.
മത്സ്യക്കൃഷിക്കും പച്ചക്കറി കൃഷിക്കും എല്ലാവിധ പ്രോത്സാഹനവും നൽകും. പഞ്ചായത്തിലെ മറ്റു വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കും.
കുഞ്ഞന്നാമ്മ കുഞ്ഞ്
പഞ്ചായത്ത് പ്രസിഡന്റ്
മീൻ കുളം
നീളം : 20 മീറ്റർ,
വീതി : 20 മീറ്റർ,
ആഴം : 4.5 മീറ്റർ
ചെലവിടുന്നത്: 4,311,52 ₹
35 തൊഴിലാളികൾ, 1452 തൊഴിൽദിനങ്ങൾ
കൊടുമണ്ണിൽ തൊഴിലുറപ്പ് പദ്ധതിയിൽ മീൻകുള നിർമാണം