മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷം ഒളിവിലായിരുന്ന പ്രതിയെ കീഴ്വായ്പ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി.സഞ്ജയന്റെ നേതൃത്വത്തിൽ പിടികൂടി. കല്ലൂപ്പാറ കടമാൻകുളം ചാമകുന്നിൽ പ്രവീൺ ( ബസലേൽ മാത്യു - 31) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയായ പ്രവീൺ ബന്ധുവിനെയാണ് പീഡനത്തിന് ഇരയാക്കിയത്. മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനം തുടർന്നത്. വിവാഹിതനും 5 മക്കളുടെ പിതാവുമാണ് പ്രതി. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അന്ന് പ്രവീണിന്റെ നിർബന്ധപ്രകാരം പ്രവാസിയായ യുവാവിന്റെ പേരാണ് പെൺകുട്ടി പൊലീസിൽ നൽകിയത്. വിശദമായ ചോദ്യംചെയ്യലിൽ പ്രവീണാണ് കുറ്റവാളിയെന്നും പ്രവാസി യുവാവ് അതേസമയം വിദേശത്താണെന്നും കണ്ടെത്തി. ഇതിനിടെ പ്രതി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് മനസിലാക്കിയ പ്രതി പ്രൊട്ടക്ഷൻ ഹോമിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടി. ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ കസ്റ്റഡിയിലായത്. പെൺകുട്ടിയെ എരുമേലിയിലുള്ള ബന്ധുവീട്ടിൽ നിറുത്തിയശേഷം കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇയാൾ കച്ചവടം നടത്തിയിരുന്നെന്നും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പ്രവീൺ പെൺകുട്ടിയുമായി കല്ലുപ്പാറക്ക് സമീപം കറുത്തവടശേരിക്കടവിലെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ അവിടേക്ക് വിളിച്ചു വരുത്തി, പെൺകുട്ടിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടിൽ നിറുത്താൻ നിർബന്ധിച്ചു.വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പ്രവീൺ ആറ്റിൽ ചാടി കടന്നുകളഞ്ഞു. ഇന്നലെ രാവിലെ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ കിടന്ന് ചങ്ങനാശേരിയിലേക്ക് പോകുന്നതിനിടെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മോഷണം, ഭവനഭേദനം, വീടിന് തീവെയ്പ്, പിടിച്ചുപറി, പൊതുമുതൽ നശിപ്പിക്കൽ,വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. എസ്.ഐമാരായ ബി.എസ്. ആദർശ്, എം.കെ. ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ഷാനവാസ്, ബിജു, അൻസിം, സുരേഷ്, സുനിൽകുമാർ, സി. ജോൺ, അജീഷ്, അനൂപ്, അരുൺ, റെജിൻ, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്..