പത്തനംതിട്ട : റാന്നി ബ്ളോക്കുപടിയിലെ സ്റ്റാൻഡിൽ നിന്ന് ആട്ടോ പിടിച്ചാൽ ഡ്രൈവർ പറയും, 'ദയവായി ഞങ്ങളുടെ തട്ടിൽ നിന്നൊരു ലോട്ടറിയെടുക്കൂ. നിങ്ങൾ നൽകുന്ന ചെറിയ തുക പാവങ്ങൾക്ക് വലിയ സഹായമാകും"...ഇവരിങ്ങനെ സ്വരുക്കൂട്ടിയ തുക കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് നിർദ്ധന രോഗികൾക്ക് ആശ്വാസമായി.
ലോട്ടറി വില്പനയിലൂടെ പാവങ്ങളെ സഹായിക്കാൻ ഇറങ്ങിയത് ഇരുപതോളം ആട്ടോറിക്ഷാ തൊഴിലാളികളാണ്. തങ്ങളുടെ തുച്ഛ വരുമാനത്തിൽ നിന്ന് അതിന് കഴിയില്ല. ലോട്ടറി വിറ്റ് കിട്ടുന്ന പണം സഹായനിധിയിലേക്ക് മാറ്റാൻ അങ്ങനെയാണ് തീരുമാനിച്ചത്.
പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു. സ്റ്റാൻഡിൽ ലോട്ടറി തട്ട് സ്ഥാപിച്ചു. ഇവിടെ വിൽക്കുന്ന ഭാഗ്യക്കുറികളിൽ നിന്നുള്ള വരുമാനം നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായമായി നൽകുമെന്ന ബോർഡും വച്ചു. ലക്ഷ്യത്തിലെ നന്മ മനസിലാക്കി ഒട്ടേറെപ്പേർ ലോട്ടറി വാങ്ങുന്നു. കച്ചവടത്തിന് സ്ഥിരമായി ഒരാളില്ല. സ്റ്റാൻഡിലുള്ള ഡ്രൈവർമാർ മാറിമാറി ലോട്ടറി വിൽക്കും. പണം പ്രത്യേകം പെട്ടിയിൽ നിക്ഷേപിക്കും. എല്ലാ ഡ്രൈവർമാർക്കും ഒരേസമയം ഓട്ടം വന്നാൽ സമീപത്തെ വ്യാപാരികൾ ചുമതല ഏറ്റെടുക്കും.
കെട്ടിടത്തിൽ നിന്ന് വീണ കീക്കൊഴൂർ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി, ഇടക്കുളത്ത് തളർന്ന് കിടപ്പിലായ നഴ്സ്, രോഗിയായ ഒൻപത് വയസുകാരൻ എന്നിവർക്കാണ് ധനസഹായം നൽകിയത്. ഹരിനാഥൻ, മോഹൻ, പ്രദീപ്, അജുമോൻ, മനോജ്, പ്രവീൺ, സന്തോഷ്, സുനീഷ്, ജോമോൻ, സജി, ലിജു, സുരേഷ്, ഗിരീഷ്, അരുൺ എന്നിവരാണ് നേതൃത്വം നൽകുന്നത്.
'ഒരുപാട് ദുരിതങ്ങൾ ദിവസവും കാണുന്നവരാണ് ഞങ്ങൾ. അവർക്ക് ആശ്വാസം നൽകാൻ എല്ലാവരുംകൂടി പിരിവിട്ടാണ് ആദ്യം ലോട്ടറി വാങ്ങിയത്. പലർക്കും സംശയമുണ്ടായിരുന്നു, ശരിക്കും നടക്കുന്ന കാര്യമാണോ എന്നൊക്കെ. പക്ഷേ ഇപ്പോൾ എല്ലാവരും താത്പര്യത്തോടെ ലോട്ടറി എടുക്കുന്നു.
പ്രവീൺകുമാർ,
ആട്ടോ ഡ്രൈവർ