visal

ചെങ്ങന്നൂർ: ഏഴ് വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ കോളേജ് കവാടത്തിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പിതാവിന്റെ ആവശ്യം സർക്കാർ നിരാകരിച്ചു. വിശാലിന്റെ മരണം സമൂഹ മനസാക്ഷിയെ ബാധിച്ചതല്ലെന്നും ആസൂത്രിത കൊലപാതകമല്ലെന്നും ഒറ്റപ്പെട്ട സംഭവമായതിനാൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

യു.ഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വിശാലിന്റെ പിതാവ് മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ വേണുഗോപാൽ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. കേസ് അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും വേണ്ടത് ചെയ്യുമെന്നും ഇരുവരും അന്ന് ഉറപ്പു നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. സമാന രീതിയിൽ അടുത്തിടെ മഹാരാജാസ് കോളേജിൽ നടന്ന കൊലപാതകത്തെ തുടർന്നാണ് വീണ്ടും വേണുഗോപാൽ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചത്.

എയർഫോഴ്‌സ് സർവീസിനുശേഷം നീണ്ടനാൾ പ്രവാസ ജീവിതം നയിച്ചിരുന്ന വേണുഗോപാൽ മകന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു, ഇപ്പോൾ മുളക്കുഴയിലെ വീട്ടിൽ തനിച്ചാണ് താമസം. നഴ്‌സായ ഭാര്യ സതിയും മറ്റൊരുമകനും വിദേശത്താണ്.
2012 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. കോളേജിൽ പുതുതായി എത്തിയ വിദ്യാർത്ഥികളെ എ.ബി.വി.പി നഗർ സമിതി പ്രസിഡന്റായിരുന്ന വിശാലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം വിശാലിനെയും സുഹൃത്തുക്കളേയും കുത്തി പരിക്കേൽപ്പിച്ചു. ആന്തരിക അവയവങ്ങൾക്ക് മാരകമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് പുലർച്ചെ മരിച്ചു. സംഭവത്തിൽ നേരിട്ടും ആസൂത്രണം നടത്തിയതുമായ 20 പ്രതികളാണ് ഉണ്ടായിരുന്നത്. പലരും ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് 5 വർഷങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകമായിരുന്നു വിശാലിന്റേത്.

വിശാൽ വധത്തിന് ഏഴ് വയസ് ,

പ്രതികൾ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ