പത്തനംതിട്ട:നായ ഒാരിയിടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയുളള അപേക്ഷ വിവരാവകാശ കമ്മിഷൻ തളളി. അയൽവീട്ടിലെ നായ ഒാരിയിടുന്നതിന്റെ കാരണം തേടി പന്തളം മുടിയൂർക്കോണം ലക്ഷ്മിഭവനിൽ അശോകനാണ് വിവരാവകാശ നിയമപ്രകാരം മൃഗസംരക്ഷണ വകുപ്പിൽ അപേക്ഷിച്ചത്.

നായയുടെ ഒാരിയിടലിനെതിരെ അശോകൻ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ലൈസൻസുളള വളർത്തുനായയാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പരാതി തളളി. ആരോഗ്യമുളളതും ലൈസൻസുളളതുമാണ് വളർത്തുനായയെന്ന് മൃഗസംരക്ഷണ വകുപ്പ് ഡോക്ടറും സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

ഇതേ തുടർന്നാണ് നായ ഒരിയിടുന്നതിന്റെ കാരണം തേടി അശോകൻ വിവരാവകാശ നിയമപ്രകാരം മൃഗസംരക്ഷണ വകുപ്പിന് അപേക്ഷ നൽകിയത്. ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വകുപ്പ് മറുപടി നൽകി. ഇതിനെതിരെ അശോകൻ മുഖ്യവിവരാവകാശ കമ്മിഷണർക്ക് പരാതി നൽകി. 2005ൽ നിലവിൽവന്ന വിവരാവകാശ നിയമത്തിലെ രണ്ട് എഫ് വകുപ്പ് പ്രകാരം കൈവശമുളള രേഖകൾ, ഫയലുകൾ, ഡിജിറ്റൽ രേഖകൾ എന്നിവയനുസരിച്ചാണ് മറുപടി നൽകുന്നതെന്ന് വിവരാവകാശ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇതിൽ നായയുടെ ഒാരിയിടൽ പോലുളളവ ഉൾപ്പെടില്ല.

പത്തനംതിട്ടയിൽ നിന്നുളള പതിനാറ് പ്രധാന അപേക്ഷകൾ മുഖ്യവിവരാവകാശ കമ്മിഷണർ വിൻസെന്റ് എം.പോൾ ഇന്ന് തിരുവനന്തപുരത്തെ കമ്മിഷൻ ഒാഫീസിലിരുന്ന് വീഡിയോ കോൺഫറൻസിൽ പരിഗണിക്കും. ഇതിൽ നായയുടെ ഒാരിയിടൽ ഉണ്ടാകില്ല.