bus

അടൂർ : എം.സി റോഡിൽ കിളിവയൽ ജംഗ്ഷന് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട സൂപ്പർഫാസ്റ്റ് ബസ് കാറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. കാറിൽ ഉണ്ടായിരുന്ന കൊടുമൺ പുഷ്പവിളയിൽ ഷിബു.റ്റി.കോശി (40), ബസ് യാത്രക്കാരായ മണക്കാല മാനവിള പുത്തൻവീട്ടിൽ അംബിക (51), തിരുവനന്തപുരം കുമ്മംകൊട്ട് അമ്മിണി (66) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.50നായിരുന്നു അപകടം കോതമംഗലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് കിളിവയൽ മയൂരം ആഡിറ്റോറിയത്തിന്സമീപം കാറിൽ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും തകർത്ത് റോഡിന്റെ വലതു വശത്ത് വയലിലേക്ക് ഇടിച്ചിറങ്ങിയത്. കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തിനിടയിൽ ബസ് മറ്റൊരു കാറിലും തട്ടിയിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നയാളിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സുരക്ഷാ ഇടനാഴിയുടെ പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ അപകടം എം.സി റോഡിൽ സ്ഥിരമായിരിക്കുകയാണ്. നേരെയുള്ള റോഡായതിനാൽ അമിത വേഗതയിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്.