പത്തനംതിട്ട : നഗരസഭയിലെ മാലിന്യം സംഭരിക്കാൻ കൊല്ലം അഞ്ചലിലുള്ള എൻട്രസ്റ്റ് എക്കോ ക്ലീൻ സോലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി എത്തുന്നു. ഇവർക്ക് മാലിന്യം സംഭരിക്കാൻ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത നഗരസഭയുടെ 40 സെന്റ് സ്ഥലം വിട്ടുനൽകാനാണ് നഗരസഭയുടെ തീരുമാനം. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഇൗകാര്യം അറിയിച്ചത്.

എന്നാൽ യു.ഡി.എഫ് അംഗങ്ങൾ അടക്കം ഇതിനെ എതിർത്തു. കൃത്യമായി പ്ലാൻ ഇല്ലാതെ നടപ്പാക്കരുതെന്നാണ് കൗൺസിലംഗങ്ങളുടെ തീരുമാനം. ഇപ്പോഴുള്ളതിനേക്കാൾ വലിയൊരു അപകടത്തിലേക്ക് എത്തരുതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

പുതിയ എജൻസിയുടെ പ്രവർത്തനം

തുമ്പൂർമൂഴി മോഡൽ പോലെ മുകളിൽ ഷീറ്റ് ഇട്ട് താഴെ കോൺക്രീറ്റ് ചെയ്ത കെട്ടിടത്തിൽ വിവിധ സെല്ലുകൾ നിർമിക്കും. ഇതിൽ ഒരു സെല്ലിൽ 600 കിലോ വരെ മാലിന്യം നിക്ഷേപിക്കാം. 20 അല്ലെങ്കിൽ മുപ്പത് യൂണിറ്റുകൾ ഇതുപോലെ സ്ഥാപിക്കാനാണ് ഏജൻസിയുടെ തീരുമാനം. കരാർ ആയാൽ ഉടൻതന്നെ പണി തുടങ്ങും. പതിനഞ്ച് ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കും. ഇതിനൊടൊപ്പം പൂന്തോട്ടവും ഉണ്ട്. ഈച്ചയോ മാലിന്യത്തിന്റെ ദുർഗന്ധമോ ഉണ്ടാവാതിരിക്കാൻ ജൈവ ലായനി (ഓർഗാനിക് സൊലൂഷൻ) ഉപയോഗിക്കും. കടകളിൽ നിന്ന് ഏജൻസിയുടെ തന്നെ തൊഴിലാളികൾ ആണ് തരംതിരിച്ച മാലിന്യം എടുക്കുന്നത്. അത് ജൈവവളമാക്കി അഞ്ചലിലെ ഗോഡൗണിലേക്ക് കൊണ്ടുപോകും. അജൈവ മാലിന്യങ്ങളും അവിടെയാണ് സംസ്കരിക്കുക.

15 ദിവസത്തിനുള്ളിൽ മാലിന്യം ശേഖരിക്കും

സംസ്കരണത്തിന് നഗരസഭയുടെ 40 സെന്റ് ഭൂമി

നഗരത്തിൽ ഒരു ദിവസം രൂപപ്പെടുന്ന മാലിന്യം: 7ടൺ

1.രാവിലെ 9.30 മുതൽ 12 വരെ വീടുകളിൽ മാലിന്യ ശേഖരണം നടത്തും.

2.മാലിന്യ ശേഖരണത്തിന് ഏജൻസി ഇൗടാക്കുന്ന തുക നിശ്ചയിച്ചിട്ടില്ല

3.സംഭരണ യൂണിറ്രിന് ചുറ്റും പൂന്തോട്ടവും ദീപാലങ്കാരവും ഉണ്ടാകും.

4.ഉപഭോക്താക്കൾക്ക് ഫീസടച്ച് മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കും.

പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിറകിലുള്ള സ്ഥലത്താണ് മാലിന്യ സംഭരണ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലമാണിത്. നീണ്ട കാലയളവിലേക്കുള്ള പദ്ധതിയാണ് ഇത്. ശബരിമല സീസൺ അടക്കം ഉള്ള സമയങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലം. ഇതിന് സമീപമുള്ള തോട്ടിലേക്ക് ഒരു ഗ്രാം പോലും മാലിന്യം നിക്ഷേപിക്കപ്പെടില്ലെന്ന് ഏജൻസി ഉറപ്പു പറയുന്നുണ്ടെങ്കിലും ആശങ്കയുണ്ട്.

..........നഗരസഭാ കൗൺസിൽ അംഗങ്ങൾ