തിരുവല്ല: എല്ലാവർക്കും കായിക വിനോദവുമായി ഇരവിപേരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് പഞ്ചായത്ത് തലത്തിൽ ഒരു സ്‌പോർട്‌സ് കൗൺസിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ കായികതാരങ്ങൾ, കായികസംഘടനാ ഭാരവാഹികൾ, പരിശീലക ക്ലബ് ഭാരവാഹികൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കൗൺസിലിന്റെ രൂപീകരണം. ഇരവിപേരൂർ സെന്റ് ജോൺസ്, വള്ളംകുളം നാഷണൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി രണ്ടു ബാച്ചിലായി ഫുട്ബോൾ, അത്‌ലറ്റ്ക്‌സ് പരിശീലനം ആരംഭിച്ചു. സ്‌പോർട്‌സ് ക്ലാമ്പുകൾ, സ്‌കൂൾ എന്നിവയ്ക്കുള്ള സ്‌പോർട്‌സ് കിറ്റിന്റെ വിതരണവും പഞ്ചായത്ത് ഫുട്‌ബോൾ ലീഗുമാണ് മറ്റൊരു പരിപാടി. സ്‌കൂൾ ക്രേന്ദീകരിച്ചുളള യോഗാ പരിശീലനം ഇതിനോടകം ആരംഭിച്ചു. കൂടാതെ ഓതറ കുടുംബാരോഗ്യ ക്രേന്ദം ഫിറ്റ്നസ്സ് സെന്ററായി ഉയർത്തുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഫുട്ബാൾ, ഷട്ടിൽ കോർട്ട്, തുറന്ന സ്ഥലത്തെ വ്യായാമ ഉപകരണങ്ങൾ ,യോഗ ക്ലാസ്സ്, മിനി ജിംനേഷ്യം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലൊരു ഫിറ്റ്നസ് സെന്റർ വള്ളംകുളത്ത് ആരംഭിയ്ക്കുന്നതിനുള്ള പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. പരിശീലന പരിപാടികൾക്ക് കേരള ഫുട്ബാൾ അസോസിേയഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജി കെ.ജേക്കബ്, കായിക അദ്ധ്യാപകരായ അനീഷ് തോമസ്, രമേശ്.എൻ, ഹരീഷ് ഒ.ആർ, സതീഷ്‌കുമാർ എന്നിവരും യോഗ പരിശീലകൻ ഹരീഷ്‌കുമാറും നേതൃത്വം നൽകും.

പൂട്ടിയ സ്‌കൂൾ ഹോസ്റ്റലാക്കും
കുട്ടികളുടെ കുറവുമൂലം പൂട്ടിപ്പോയ മേത്യക്കര ഗവ.എൽ.പി.സ്‌കൂൾ സർക്കാർ അനുമതിയോടെ ആൺകുട്ടികളുടെ ഹോസ്റ്റലാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. പെൺകുട്ടികൾക്ക് ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ കോമ്പൗണ്ടിലാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നെറ്റ്‌ബാൾ താരങ്ങളായിരുന്നു സബ് ജൂനിയർ തലത്തിൽ ജില്ലയെ പ്രതിനിധീകരിച്ചതും സംസ്ഥാന ചാമ്പ്യൻമാരായതും. സ്‌പോർട്‌സ് ഹോസ്റ്റൽ അടിസ്ഥാന സൗകര്യം, പരിശീലകരുടെ വേതനം, പരിശീലന ഉപകരണങ്ങൾ, ജില്ലാതല ടീമിൽവരെ എത്തിച്ചേരുന്നവർക്ക് ജേഴ്‌സി നൽകുക എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം.


ഫുട്‌ബോൾ, ഹോക്കി സെലക്ഷൻ 20ന്

13 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കായി ഹോക്കി, ഫുട്‌ബോൾ ടീം രൂപീകരിയ്ക്കുന്നു. ഇതിൽ പങ്കാളിയാകാൻ താത്പര്യമുളള ആൺകുട്ടികളും ഫുട്‌ബോൾ ടീമിലേക്ക് പരിശീലനം ആവശ്യമുള്ള പെൺകുട്ടികളും 20ന് രാവിലെ ഏഴിന് ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളിൽ എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി അറിയിച്ചു.


ഒരുവർഷം മുമ്പ് പഞ്ചായത്തിന്റെ പദ്ധതി മാർഗ്ഗനിർദ്ദേശത്തിലെ യൂത്ത് കോർഡിനേഷൻ എന്ന പരിപാടിയാണ് ഇവിടെ സ്‌പോർട്‌സ് കൗൺസിലായി വിപുലപ്പെടുത്തിയത്.

എൻ. രാജീവ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ് )