student-doctor
സ്‌കൂൾ ഹെൽത്ത് കേഡറ്റുകൾ ഉദ്ഘാടനവേദിയിൽ

മല്ലപ്പള്ളി: ആരോഗ്യരംഗം കൂടുതൽ ജനകീയമാക്കുന്നതിനും ശുചിത്വബോധ വിദ്യാഭ്യാസ പരിപാടി വിദ്യാർത്ഥികൾക്കിടയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ ഹെൽത്ത് കേഡറ്റ് പദ്ധതിക്ക് മല്ലപ്പള്ളിയിൽ തുടക്കമായി. ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയ അവബോധം വളർത്തുക, സഹപാഠികളുടെ മാനസിക ശാരീരികാരോഗ്യ പ്രശ്‌നങ്ങൾ മനസിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക, വൃക്തിശുദ്ധിയും, പരിസരശുദ്ധിയും പരിപാലിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രത്യേകം പരിശീലനം ലഭിച്ച എട്ട് വിദ്യാർത്ഥികൾക്കുള്ള യൂണിഫോമുകൾ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി.ജോയി ക്ലാസെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഡബ്ല്യു.ജെ.വറുഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ബിജു ജോസഫ്, ബൈജു, രമ്യാ, വനജ, ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.