പത്തനംതിട്ട:വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ജില്ലയിൽ 19ന് റെഡ് അലർട്ടും 20നും 21നും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്രമായതോ തീവ്രമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി.ബി.നൂഹ് മുന്നറിയിപ്പ് നൽകി.
നിലവിൽ ഡാമുകളിൽ സംഭരണം കുറവായതിനാൽ ഡാം തുറക്കാനുള്ള സാഹചര്യമില്ല. ശക്തമായ മഴയെ തരണം ചെയ്യാനുള്ള മുൻകരുതലുകൾ എടുക്കണം.
പൊതുജന രക്ഷയ്ക്കു വേണ്ടിയുള്ള സർക്കാർ സംവിധാനങ്ങൾ എല്ലാംതന്നെ പ്രവർത്തന സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത അല്ലെങ്കിൽ താഴ്ന്ന വെള്ളം കേറുന്ന പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവർ ആവശ്യമുള്ള സാഹചര്യത്തിൽ പ്രദേശിക ഭരണകൂടം അല്ലെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി ഉടനെ ബന്ധപ്പെടണം.
എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ: കളക്ടറേറ്റ്0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല0469 2601303, കോഴഞ്ചേരി04682222221, മല്ലപ്പളളി0469 2682293, അടൂർ04734 224826, റാന്നി04735 227442, കോന്നി0468 2240087.