thushar-vellappally

പത്തനംതിട്ട: യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടുള്ള പി.എസ്.സി പരീക്ഷാതട്ടിപ്പുകൾ സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ 26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ കാൽലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കൺവീനർ തുഷാർ വെളളാപ്പളളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവർത്തകരാണ് പ്രധാനമായും പങ്കെടുക്കുന്നത്. എൻ.ഡി.എ ഘടക കക്ഷികൾ ഒന്നിച്ച് തുടർസമരങ്ങൾ നടത്തും.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എയെ ബൂത്ത് അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും. ഇതിനായി എൻ.ഡി.എ ചെയർമാനായ പി.എസ്.ശ്രീധരൻപിളളയും താനും പതിനാല് ജില്ലകളിലും യാത്ര ചെയ്തുവരികയാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഉചിതസമയത്ത് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾക്ക് അതാത് മണ്ഡലങ്ങൾ നൽകണമെന്നാണ് ധാരണ. അരൂർ മണ്ഡലത്തിൽ ബി.ഡി.ജെ. എസാണ് മത്സരിച്ചത്. സീറ്റ് ധാരണ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്ന് തുഷാർ വെളളാപ്പളളി പറഞ്ഞു.