>> റാഗിംഗ് നടത്തിയത് എക്സ് കേഡറ്റ് വിദ്യാർത്ഥിനി

>> ശരീരവേദനയുമായി ആറ് വിദ്യാർത്ഥിനികൾ ചികിത്സതേടി

>> പൊലീസിലും ചൈൽഡ്ലൈനിലും എൻ.സി.സി ഒാഫീസിലും പരാതി നൽകി

--------------------------

പത്തനംതിട്ട: റാന്നി സെന്റ് തോമസ് സ്കൂളിൽ നടന്ന എൻ.സി.സി സ്പെഷ്യൽ ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളെ സഹായിക്കാനെത്തിയ സീനിയർ വിദ്യാർത്ഥിനി റാഗ് ചെയ്തതായി പരാതി. കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്കൂളിലെ ആറ് പെൺകുട്ടികളാണ് മുമ്പ് എൻ.സി.സി പരിശീലനം നേടിയിട്ടുളള സീനിയർ വിദ്യാർത്ഥിനിയുടെ (എക്സ് കേഡറ്റ്) റാഗിംഗിന് ഇരയായത്.

ബൂട്ടുകൊണ്ട് ചവിട്ടൽ, ജനൽ കമ്പിയിൽ ചവിട്ടി മണിക്കൂറുകളോളം തലകുത്തി നിറുത്തൽ, പുറത്ത് അടി തുടങ്ങിയവയാണ് ക്യാമ്പിൽ നടന്നതെന്ന് കൂടൽ പൊലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും പത്തനംതിട്ട എൻ.സി.സി ഒാഫീസിലും രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണത്തിനായി ചൈൽഡ്ലൈൻ അധികൃതർ ഇന്ന് കുട്ടികൾ പഠിക്കുന്ന സ്കൂളിലെത്തും.
എൻ.സി.സി പതിനാലാം നമ്പർ ബറ്റാലിയന്റെ ക്യാമ്പാണ് റാന്നി സെന്റ് തോമസ് കോളേജിൽ പത്ത് ദിവസമായി നടന്നത്. അവസാന ദിവസമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എക്സ് കേഡറ്റ് വിദ്യാർത്ഥിനി ക്യാമ്പിലെത്തിയത്. ക്യാമ്പ് അംഗങ്ങളായ കുട്ടികളോട് ജനലിൽ കയറി തലകീഴായി കൈ തറയിൽ കുത്തിനിൽക്കാൻ ആജ്ഞാപിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ഇതെന്ന് കുട്ടികളാേട് പറഞ്ഞു. അനുസരണയോടെ തലകുത്തി നിന്ന കുട്ടികളിൽചിലർ ക്ഷിണിതരായി നിലത്തുവീണു. ഇതിനിടെയാണ് ബൂട്ടുകൊണ്ട് ചവിട്ടും പുറത്ത് അടിയും കിട്ടിയത്.

കുട്ടികളെ അസഭ്യം പറഞ്ഞ് മാനസികമായും പീഡിപ്പിച്ചു. ഭയന്നുപോയ കുട്ടികൾ ക്യാമ്പിൽ പരാതിപ്പെട്ടില്ല.

ശരീരവേദനയും അസ്വസസ്ഥതയുമായാണ് റാഗിംഗിനിരയായ കുട്ടികൾ വീടുകളിൽ തിരിച്ചെത്തിയത്. രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സീനിയർ വിദ്യാർത്ഥിനിയുടെ 'മുറ'കൾ വെളിപ്പെട്ടത്. കുട്ടികളെ രക്ഷിതാക്കൾ കൂടൽ പ്രാഥികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സിപ്പിച്ചു. തുടർന്ന് പരാതി നൽകുകയായിരുന്നു.

ക്യാമ്പ് പട്ടാള ഒാഫീസറുടെ നിയന്ത്രണത്തിൽ

അറുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എൻ.സി.സി സ്പെഷ്യൽ ക്യാമ്പുകൾ പട്ടാള ഒാഫീസറുടെ പൂർണ നിയന്ത്രണത്തിലാണ് നടക്കുന്നത്. സൈനിക ഉദ്യോഗസ്ഥനാണ് കമാൻഡിംഗ് ഒാഫീസർ. എക്സ് കേഡറ്റുകൾക്കോ ക്യാമ്പ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കോ ക്യാമ്പിൽ പ്രവേശനമുണ്ടാകില്ല. പൂർണമായും പട്ടാള അച്ചടക്കത്തിൽ പ്രവർത്തിക്കേണ്ട ക്യാമ്പിൽ നിയമപരമല്ലാതെ എക്സ് കേഡറ്റായ വിദ്യാർത്ഥിനി പ്രവേശിച്ചതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

>>

'' റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ലഭിച്ച പരാതി റാന്നിക്ക് അയയ്ക്കും.

കൂടൽ എസ്.ഐ

>>