പത്തനംതിട്ട : തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ടവരെ സഹായിച്ചത് ചില്ലറയല്ല. കൃത്യമായ ജോലിയും വരുമാനവും നൽകി പദ്ധതി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു. പക്ഷേ പദ്ധതി നിറുത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അവർ. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തുടരുന്നതിൽ കേന്ദ്രമന്ത്രി ലോക്സഭയിൽ അതൃപ്തി പ്രകടിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം.
ആദ്യമൊക്കെ പുല്ലുചെത്തൽ മാത്രമായിരുന്നു തൊഴിലുറപ്പിലെ ജോലി.പിന്നീട് കുളം നിർമ്മാണവും കൃഷിക്കായി നിലമൊരുക്കലുമെല്ലാം പദ്ധതിയിലെത്തി. വരുമാനം ലഭിച്ചുതുടങ്ങിയതോടെ പാവപ്പെട്ട വനിതകളുടെ ജീവിതമാർഗമായി ഇത്.
ശരാശരി 120 കോടി രൂപയാണ് ഒരു വർഷത്തേക്ക് പദ്ധതിക്കായി അനുവദിക്കുന്നത്. പദ്ധതിയുടെ പരിധിയിൽ വരുന്ന കനാൽ പുനരുദ്ധാരണം, കൃഷി സംബന്ധമായ ജോലികൾ എന്നിവയ്ക്ക് ഇതര ഫണ്ടും വകയിരുത്തും. .
ഒരു വർഷം 100 പണിയാണ് തൊഴിലാളികൾ ചെയ്യേണ്ടത്. എന്നാൽ പ്രളയസമയം 150 പണി അധികം ചെയ്യാൻ കേന്ദ്രം നിർദേശിച്ചിരുന്നു. പ്രളയത്തിന് ശേഷം 2197 ചതരശ്രയടി സ്ഥലം കൃഷിയോഗ്യമാക്കാൻ സഹായിച്ചത് തൊഴിലുറപ്പ് തൊഴിലാളികളാണ്. 64 കാലിത്തൊഴുത്തുകളും ഇവർ നിർമ്മിച്ച് നൽകി.
--------------------------------
ജില്ലയിൽ 68640 തൊഴിലാളികൾ
ഒരുവർഷം 100 തൊഴിൽ ദിനങ്ങൾ, ഒരു ദിവസം 271 രൂപ കൂലി
---------------------------
"തൊഴിലുറപ്പ് പെട്ടന്ന് നിറുത്തലാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നില്ല. എല്ലാ പദ്ധതിയും എപ്പോഴും നിലനിൽക്കുമെന്ന് കരുതാനും പറ്റില്ല. ധാരാളം സ്ത്രീകൾ ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നുണ്ട്. പദ്ധതിിൽ 95 ശതമാനം സ്ത്രീകളാണ്. . "
ഹരി
എൻ.ഹരി
ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ
തൊഴിലുറപ്പ് പദ്ധതി
-----------------------------
ജോലി ഇല്ലെങ്കിൽ വീട്ടിലിരിക്കാനേ പറ്റു. മറ്റെന്തുജോലി കണ്ടെത്താനാണ് ഞങ്ങൾ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് പദ്ധതി. അത് നിർത്തലാക്കുമോ എന്ന പേടി ഇപ്പോഴുണ്ട്. പഠിക്കുന്ന രണ്ട് പെൺമക്കൾ ഉള്ളയാളാണ് ഞാൻ. . ഭർത്താവിന് കൂലിപ്പണിയാണ്.
കുഞ്ഞുമോൾ
തൊഴിലുറപ്പ് തൊഴിലാളി
----------------------
ഇതാണ് പ്രശ്നം
തൊഴിലുറപ്പ് പദ്ധതി എക്കാലത്തേക്കും തുടരാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ കഴിഞ്ഞ ദിവസം ലോക് സഭയിൽ പറഞ്ഞിരുന്നു.തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറഞ്ഞത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം..