nda

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിന് എൻ.ഡി.എ ഒരുക്കം തുടങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ എൻ.ഡി.എ വൻ മുന്നേറ്റം കാഴ്ചവച്ചതിനാൽ സംസ്ഥാന നേതാവിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരെയാണ് പരിഗണിക്കുന്നത്. കെ.സുരേന്ദ്രൻ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

എൻ.ഡി.എയെ ജില്ലയിൽ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയർമാൻ പി.എസ്.ശ്രീധരൻ പിളളയും കൺവീനർ തുഷാർ വെളളാപ്പളളിയും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തി നിർദേശങ്ങൾ നൽകി. കോന്നി മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾ അടിയന്തരമായി സജീവമാക്കാൻ യോഗങ്ങൾ നടത്തും. പാർലമെന്റ് തിരഞ്ഞെടുപ്പിലേത് പോലെ ചിട്ടയായ പ്രവർത്തനങ്ങൾ കോന്നിയിലെ ഉപതിരഞ്ഞെടുപ്പിലും നടത്താനാണ് തീരുമാനം. എൻ.ഡി.എ ജില്ലാ ചെയർമാൻ അശോകൻ കുളനട, കൺവീനർ കെ.പത്മകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ്, ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് സുധി എന്നിവർ യോഗത്തിൽ സംസാരിച്ചു.