debanath

തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നിർമാണ തൊഴിലാളിയായ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ഗ്യാസോൾ മൊയ്‌ന സ്വദേശി നരേൻ ദേബനാ​ഥ് (29) ആണ് അറസ്റ്റിലായത്. കടപ്ര സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പീഡനശേഷം നാടുവിട്ട പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളുടെ സ്വദേശമായ മൊയ്‌നയിൽ നിന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച പ്രതിയെ ബുധനാഴ്ച പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ എസ്.വിപിൻകുമാർ, എ.എസ്.ഐ കെ.രാജേഷ്, സി.പി.ഒ ടി.എൻ സുദർശനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.