കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്തിലെ ഒറ്റത്തേക്ക് സ്റ്റേഡിയത്തിന്റെ ഗാലറി നിർമാണം പൂർത്തിയായി.
പഞ്ചായത്തിലെ ആദ്യത്തെ സ്റ്റേഡിയo ആണിത്. വോളിബാൾ മത്സരങ്ങൾക്ക് പേരുകേട്ട ഒറ്റത്തേക്കിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സ്പോർട്സ് കൗൺസിലുമായി ചേർന്ന് ഒറ്റത്തേക്ക് സ്റ്റേഡിയത്തിലും അങ്ങാടിക്കൽ എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിലും ദേശീയ മത്സരങ്ങൾ നടത്താൻ പറ്റുന്ന വോളിബോൾ കോർട്ട് നിർമ്മിച്ചിരുന്നു. കാട് മൂടി കിടന്ന സ്റ്റേഡിയത്തിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18ലക്ഷം രൂപ മുടക്കിയാണ് ഗ്യാലറി പുനർനിർമിക്കുന്നത്.
ജില്ലയിലെ മികച്ച വോളിബാൾ കോർട്ടാണിത്.
ഓണത്തോടനുബന്ധിച്ച് അഖില കേരള വോളിബോൾ ടൂർണമെന്റ് നടത്തി സ്റ്റേഡിയം കായിക പ്രേമികൾക്ക് തുറന്ന് കൊടുക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം വി.ആർ.ജിതേഷ് കുമാർ അറിയിച്ചു.