bdo-elanthoor
ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മഹിളാ മന്ദിരത്തിലെ വിവാഹം കഴിച്ചുവിട്ടവരുടെ കുടുംബങ്ങളുടെ സ്‌നേഹസംഗമം ജില്ലാ കളക്ടർ പി.ബി നൂഹ്.ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ, കെ.എസ് പാപ്പച്ചൻ സമീപം

ഇലന്തൂർ : മഹിളാമന്ദിരത്തിൽ വീണ്ടും അവർ ഒത്തുകൂടി. കുടുംബത്തോടൊപ്പം. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഗവ: മഹിളാ മന്ദിരത്തിൽ നടന്ന 'സ്‌നേഹസംഗമം' ഒാർമ്മകളുടെ വേദി കൂടിയാവുകയായിരുന്നു. മഹിളാ മന്ദിരത്തിൽ നിന്ന് കഴിഞ്ഞകാലങ്ങളിൽ വിവാഹം കഴിച്ചവരുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും കൂട്ടായ്മയായിരുന്നു സ്‌നേഹസംഗമം. വിവാഹം കഴിച്ചുവിട്ടവരെല്ലാം കുടുംബജീവിതം സംതൃപ്തവും സന്തോഷകരവുമാണെന്ന് ഒരേസ്വരത്തിൽ പറഞ്ഞപ്പോൾ സദസിൽ നിറഞ്ഞ കൈയടിയായിരുന്നു. കുടുംബജീവിതം ശിഥിലമാകുന്ന കാലഘട്ടത്തിൽ ഇതൊരു വേറിട്ട ഒരു അനുഭവമാണെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമീപവാസികളും അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ പി.ബി നൂഹ്. ഉദ്ഘാടനം ചെയ്തു. വിവാഹം കഴിഞ്ഞവർക്ക് മഹിളാ മന്ദിരം വക ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് പാപ്പച്ചൻ, അംഗങ്ങളായ ജെറി മാത്യു സാം, ബിജിലി.പി.ഈശോ, ജോൺ.വി.തോമസ്, വത്സമ്മ മാത്യു, രമാദേവി, ആലീസ് രവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ലതാ ചെറിയാൻ, മാനേജ്‌മെന്റ് കമ്മറ്റി അംഗം ലീബ ബിജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ.സി.പി, ജില്ലാ വനിത ശിശുവികസന ഓഫീസർ ഷീബ.എൽ, വനിത പ്രൊട്ടക്ഷൻ ഓഫീസർ താഹിറ ബീവി, എന്നിവർ പ്രസംഗിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജോൺ ജേക്കബ് ബോധവത്കരണ ക്ലാസ് നടത്തി. മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രൻശേഖരൻ നായർ നന്ദി പറഞ്ഞു..