electric-tower

110 കെ.വി ലൈനിന് ഭീഷണി

ചെങ്ങന്നൂർ: സർക്കാർ ആയുർവേദ ആശുപത്രിക്കായി കണ്ടെത്തിയ ഭൂമിയിലെ മണ്ണ് നീക്കിയത് വൈദ്യുതി ടവറിന് ഭീഷണിയായി. ടവറിനോട് ചേർന്ന് 20 അടി താഴ്ചയിലാണ് മണ്ണും പാറയും മാറ്റിയിരിക്കുന്നത്. ചെറുചലനമുണ്ടായാൽ 110 കെ.വി വൈദ്യുതി ലൈൻ പോകുന്ന ടവർ നിലപതിക്കുമെന്നാണ് പ്രദേശവാസികൾക്ക് ആശങ്ക. അങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തമുണ്ടായേക്കും. 110 കെ.വി ലൈൻ കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം നിശ്ചിത അകലത്തിൽ നിർമ്മണ പ്രവർത്തനങ്ങൾ അനുവദിക്കാറില്ല.

അനധികൃതമായി നടന്ന മണ്ണെടുപ്പിൽ വിശദീകരണം ആവശ്യപ്പെട്ട് റവന്യു വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നു. ആശുപത്രിക്കായി വിട്ടു നൽകിയത് റവന്യുവിന്റെ പുറമ്പോക്ക് ഭൂമിയായിരുന്നു. ഖനനം മൂലം വൈദ്യുതി ടവർ അപകടത്തിലാണെന്ന് കത്തിൽ പരാമർശമുണ്ട്.

വൈദ്യുതി വകുപ്പ് പരിശോധന നടത്തി

110 കെ.വി ലൈനിന്റെ പരിപാലനം ഇടപ്പോൺ സബ്‌സ്‌റ്റേഷനിൽ നിന്നാണ് നിർവ്വഹിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സബ്ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് ഇവർ നൽകുമെന്നാണ് സൂചന.

അനധികൃത ഖനനം

ആശുപത്രി ഭൂമിയിലെ ഖനനം അനധികൃതമെന്ന് കാട്ടി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി. മണ്ണെടുപ്പ് അനധികൃതമെന്നാണ് ഇവരും റിപ്പോർട്ട് നൽകിയത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മണ്ണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയെന്ന് ആരോപണമുണ്ട്.