തിരുവല്ല: മലർത്തിവയ്ക്കാവുന്ന അമരത്തോട് കൂടി നിർമിച്ച വെൺപാലകദളിമംഗലം പുതിയ പളളിയോടം നീരണിഞ്ഞു. വെൺപാലയിലെ മാലിപ്പുരയിൽ നിന്ന് രാവിലെ 10.30ന് വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ പളളിയോടം കടവിൽ എത്തിച്ചു. എൻ.എസ്.എസ്. പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ പളളിയോടം നീറ്റിലിറക്കി. ഉദ്ഘാടന യോഗത്തിൽ വെൺപാല ദേവിവിലാസം കരയോഗം പ്രസിഡന്റ് സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് ഡി.അനിൽ കുമാർ, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, കൃഷ്ണകുമാർ കൃഷ്ണവേണി, കെ.പി.വിജയൻ, മുളവന രാധാകൃഷ്ണൻ, പ്രസന്നകുമാർ പേരങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ആറന്മുളയിലേക്കുളള യാത്രയിൽ ഉയരം കുറഞ്ഞ പാലങ്ങളിൽ തട്ടുന്നത് ഒഴിവാക്കാൻ മലർത്തിയിടാവുന്ന അമരവുമായാണ് പുതിയ പളളിയോടം പണിതത്. നീറ്റിലിറക്കിയ പളളിയോടം പഴയപളളിയോടത്തിന്റെ അകമ്പടിയോടെ കദളിമംഗലം ക്ഷേത്രക്കടവിലെത്തിച്ചു. ഓഗസ്റ്റ് അഞ്ചിന് ആറന്മുള വളളസദ്യയിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കും. പഴയ പളളിയോടം ആറന്മുളയിൽവെച്ച് വരയന്നൂർ കരയ്ക്ക് കൈമാറും.