ചെങ്ങന്നൂർ: അയൽവാസികളുടെ വീടുകയറിയുള്ള അക്രമത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലിയൂർ പഞ്ചായത്തിൽ തോനയ്ക്കാട് വിഷ്ണു ഭവനത്തിൽ ബിന്ദുവും (35) പതിനേഴുകാരി മകളുമാണ് വണ്ടാനത്ത് ചികിത്സ തേടിയത്. ഇവരുടെ ഭർത്താവ് ബിനുവും (39) 15 വയസുള്ള മകനും കരുനാഗപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 12നാണ് സംഭവം. ആക്രമണത്തെക്കുറിച്ച് ബിന്ദു പറയുന്നത് ഇങ്ങനെ-. അയൽവാസികളായ പുലിയൂർ പഞ്ചായത്ത് മെമ്പർ അമ്പിളിയുമായി പ്രളയ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്ന് മെമ്പറും ഭർത്താവ് ബാബുരാജും മകനും സുഹൃത്തുക്കളും ചേർന്ന് വീടുകയറി ആക്രമിച്ചു. പരിക്കേറ്റ് ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലും മാവേലിക്കര ആശുപത്രിയിലും ചികിത്സതേടാൻ ശ്രമിച്ചെങ്കിലും അക്രമിച്ചവരുടെ ആളുകൾ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് തങ്ങൾ കരുനാഗപ്പളളിയിലെ ബന്ധുവീട്ടിലേക്ക് പോയത്. ഈ സമയത്ത് മെമ്പറുടെ ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി രേഖകൾ നശിപ്പിച്ചതായും ഇവർ പറഞ്ഞു. കരുനാഗപ്പളളിയിൽവച്ച് മകൾക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് അവിടെയുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കഴിഞ്ഞ 15 മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേ സമയം വീടുകയറി ആക്രമിച്ചതിന് പഞ്ചായത്ത് മെമ്പർ അമ്പിളിക്കും ഭർത്താവിനും എതിരേ കേസെടുത്തതായി എസ്.ഐ. എസ്.വി. ബിജു പറഞ്ഞു. മകളെ ആക്രമിച്ചെന്ന് പരാതിയോ മൊഴിയോ ലഭിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.