പത്തനംതിട്ട : കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിൽ മാലിന്യം ഒഴുകി നടക്കുന്നു. ഏറെ നാളായി മാലിന്യ സംഭരണം നടക്കാത്തതിനാൽ നഗരത്തിൽ പലയിടങ്ങളിലും മാലിന്യം റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണ്. പകർച്ച വ്യാധികൾക്ക് സാദ്ധ്യതയുള്ള സമയത്താണ് നഗരസഭ അനാസ്ഥ തുടരുന്നത്. നഗരസഭാ പരിധിയിലാണ് ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ മാസം 15 നാണ് മാലിന്യം സംഭരണം നിറുത്തിയത്. ഇപ്പോൾ ഒരു മാസം കഴിഞ്ഞു. രണ്ട് ഏജൻസികൾ വന്നുപോയി. അവസാനം എത്തിയ ഏജൻസിക്ക് സ്ഥലം നൽകിയാൽ മാലിന്യം സംസ്കരണം നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പരിസരത്താണ് നഗരസഭ സ്ഥലം കണ്ടെത്തിയത്. എന്നാൽ പലരും എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനസഞ്ചാര പ്രദേശമായതിനാൽ അവിടെ സ്ഥാപിക്കാൻ സമ്മതിക്കില്ലെന്നാണ് സാമൂഹ്യപ്രവർത്തകരുടെ വാദം..

ഹോട്ടലുകളും പഴം, പച്ചക്കറി കടക്കാരുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഉപയോഗശൂന്യമായ പഴങ്ങളും പച്ചക്കറികളും തമിഴ് നാട്ടിൽ നിന്നും മറ്റും വരുന്ന ലോറികളിൽ കയറ്റിവിടും. അവർ എവിടെയെങ്കിലും ഉപേക്ഷിക്കും.. ജില്ലയിൽ ഏഴ് ടൺ മാലിന്യമാണ് ഒരു ദിവസം ഉണ്ടാകുന്നത്. ഇത്രയും മാലിന്യം ഇപ്പോൾ റോഡിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുകയാണ്.

-------------------------

മാലിന്യ സംഭരണത്തിന് കൊല്ലത്തെ ഏജൻസിക്ക് കരാർ നൽകിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകും. അതിന് ശേഷമേ മാലിന്യം ശേഖരിക്കാൻ കഴിയു. ഇപ്പോൾ മറ്റൊന്നും ചെയ്യാൻ കഴിയില്ല.

ഗീതാ സുരേഷ്

പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ