തിരുവല്ല: മഴ കനത്തതോടെ മാവേലിക്കര- തിരുവല്ല സംസ്ഥാനപാത പലയിടത്തും തടാകമായി. വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇത് അപകടങ്ങൾക്കും ഗതാഗത തടസത്തിനും കാരണമാകുന്നു. പുളിക്കീഴ് ജംഗ്ഷന് സമീപത്തും കടപ്ര എസ്.എൻ ഹോസ്പിറ്റലിന് എതിർവശത്തും റോഡിന് ഇരുവശവും വെള്ളക്കെട്ടാണ്. ചെറുമഴപെയ്താൽ പോലും റോഡിന്റെ പകുതിയോളം ഭാഗത്ത് വെള്ളം നിറയും. വെള്ളക്കെട്ടിൽപ്പെടാതിരിക്കാൻ വാഹനങ്ങൾ മറുവശത്തേക്ക് വെട്ടിക്കുമ്പോൾ എതിരേവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള അപകടങ്ങൾ പതിവായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റോഡരികിലെ വ്യാപാരികളും വലയുന്നു. വെള്ളമൊഴുകിപ്പോകാൻ ഓടയില്ല,. കെ.എസ്.ടി.പിക്കായിരുന്നു പാതയുടെ നിർമ്മാണ- സംരക്ഷണ ചുമതല. കഴിഞ്ഞ മാർച്ച് 31 കൊണ്ട് കെ.എസ്.ടി.പിയുടെ കരാർ കാലാവധി അവസാനിച്ചു. എന്നാൽ ഇതുവരെ റോഡ് മരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ല. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ഘട്ടങ്ങളിൽ പോലും ഈ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
------------------------
കെ..എസ്..ടി..പിയിൽ നിന്ന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരികണ്. അതിനുശേഷം വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും..
സി.ബി സുഭാഷ്
അസി. എക്സിക്യുട്ടീവ് എൻജിനീയർ
പൊതുമരാമത്ത് വകുപ്പ്