>> രോഗം പടരുന്നത് ളാഹ, നിലയ്ക്കൽ, പൊന്നാമ്പാറ, മൂഴിയാർ മേഖലകളിൽ.
>> കുട്ടികളടക്കം 25പേരിൽ രോഗം കണ്ടെത്തി.
പത്തനംതിട്ട: ജില്ലയിലെ മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളിൽ പ്രത്യേക തരം ചൊറിയും ചിരങ്ങും പടരുന്നു. പകർച്ചവ്യാധി ഗുരുതരമായിട്ടും ചികിൽസയ്ക്കായി അധികൃതർ ഇടപെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വനത്തിനുള്ളിൽ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ശബരിമല പാതയിൽ ളാഹ ബി.എസ്.എൻ.എൽ മൊബൈൽ ടവറിനോട് ചേർന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറ് പേർക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്.
നിലയ്ക്കൽ ബെയിസ് കാമ്പിന് സമീപം താമസിക്കുന്ന നാലു കുട്ടികൾക്കും പൊന്നാമ്പാറയിൽ മൂന്നു പേർക്കും ചൊറിയും ചിരങ്ങും പിടിപെട്ടു. മൂഴിയാർ വനമേഖലയിലെ 12 പേർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
അനാരോഗ്യകരമായ ചുറ്റുപാടിലുള്ള ജീവതമാണ് പേൻ വർഗത്തിൽപ്പെടുന്ന ജീവി പടർത്തുന്ന രോഗത്തിന്റെ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മണ്ണിനോട് ഇടപഴകി ജീവിക്കുന്ന ഇവരിൽ ഫംഗസും രോഗം കലശലാക്കും. മരുന്ന് യഥാസമയം കഴിക്കാത്തത് രോഗശമനത്തിന് തടസമാവുന്നു. മലമ്പണ്ടാര ആദിവാസികൾക്കിടയിൽ നടത്തിയ രക്ത പരിശോധനകളിൽ വിളർച്ചാ രോഗം വ്യാപകമാണ്.
ആവണിപ്പാറ മേഖലയിൽ അടിയന്തര ചികിത്സസ അനിവാര്യമാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇതിനാവശ്യമായ ചികിത്സസ നൽകുന്നുണ്ട്. മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളുടെ ചികിൽസയ്ക്ക് രണ്ട് മൊബൈൽ മെഡിക്കൽ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. മാസത്തിൽ 12 ദിവസം വനമേഖലകളിൽ ചെന്ന് മലമ്പണ്ടാരങ്ങളുടെ ചികിത്സക്കായി കാമ്പുകൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം. കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലും ഹോസ്റ്റലുകളിലും ആരോഗ്യപരിശോധനകൾ നടത്തണം.
ഭക്ഷണ സാധനങ്ങൾ വെട്ടിക്കുറച്ചു
വനവാസികളായ മലമ്പണ്ടാരങ്ങൾക്കിടയിൽ പോഷകാഹാര കുറവ് വ്യാപകമായതിനെ തുടർന്ന് പട്ടികവർഗ വകുപ്പ് പ്രതിമാസം നൽകി വന്നിരുന്ന 15 കൂട്ടം ഭക്ഷണ സാധനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാലായി വെട്ടിക്കുറച്ചത് അനാരോഗ്യത്തിന് കാരണമായി വിലയിരുത്തുന്നുണ്ട്. നിലവിൽ 15 കിലോ അരിയും പയർ, വെളിച്ചെണ്ണ, കടല എന്നിവ ഓരോ കിലോ വീതവുമാണ് പ്രതിമാസം നൽകുന്നത്.
>>>
''വനത്തിനുള്ളിൽ കഴിയുന്ന മലമ്പണ്ടാരങ്ങൾക്കിടയിൽ ചൊറി, ചിരങ്ങ്, വിളർച്ച രോഗങ്ങൾ കാണാറുണ്ട്. ഇവർക്കിടയിൽ കഴിഞ്ഞ ഒന്നര വർഷമായി രോഗപ്രതിരോധ പ്രവർത്തനം നടക്കുന്നു. അതുകൊണ്ട് രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണവും കുറഞ്ഞു.
ഡോ. ലക്ഷ്മി ആർ. പണിക്കർ