മലയാലപ്പുഴ: മലയാലപ്പുഴയിൽ നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 16.5 ലിറ്റർ വിദേശ മദ്യം പിടികൂടി. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് മലയാലപ്പുഴ ചെങ്ങറ മുറിയിൽ ഭാസ്കരനെ അറസ്റ്റ് ചെയ്തു. 750 എം.എൽ വീതം കൊള്ളുന്ന 22 കുപ്പി മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ നിന്ന് വാങ്ങിയശേഷം വീട്ടിൽ വച്ചാണ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, ശശിധരൻപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനുരാജ്, സുഭാഷ് കുമാർ,ഡ്രൈവർ വിശ്വനാഥൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.