തിരുവല്ല : സംസ്ഥാന സർക്കാർ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സെന്റ്‌ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പൊതുജനസംഗമം വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്തു.
വീട് നിർമിക്കുന്നതിന് ഭൂമി നൽകിയവരെയും ഭവനം സ്‌പോൺസർ ചെയ്തവരെയും മന്ത്രി കെ. രാജുവും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു. നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും നടന്നു. പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് നൽകിയ ഇലക്ട്രിക് സാധനങ്ങളുടെ കിറ്റ് കമ്പനി ജനറൽ മാനേജർ ലിക്സൺജോസഫിൽ നിന്ന് മന്ത്രി കെ.രാജു ഏറ്റുവാങ്ങി. പ്രളയത്തിൽ വീട് തകർന്ന 2000പേർക്ക് 7000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിൽ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ സഹായം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ജില്ലാ കളക്ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സിംഗപ്പൂരിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽഷോട്ട് പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നീ ഇനങ്ങളിൽ സ്വർണ മെഡൽനേടിയകോന്നി താലൂക്ക് ഓഫീസ് ജീവനക്കാരി കെ പി ലാലിയെ ആദരിച്ചു.
അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ,വീണാജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി. നൂഹ്, തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻപോളച്ചിറയ്ക്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ജോർജ് മാമ്മൻ കൊണ്ടൂർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സതീഷ് ചാത്തങ്കേരി, എം.ബി. സത്യൻ, അഡ്വ.ആർ. കൃഷ്ണകുമാർ, മനുബായ്‌മോഹൻ,രേഖാ അനിൽ, ബീനാ പ്രഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ മോഹൻരാജ്‌ ജേക്കബ്, തിരുവല്ല സബ് കളക്ടർ ഡോ. വിനയ്‌ഗോയൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അലക്സ് പിതോമസ്, ഡെപ്യുട്ടി കളക്ടർമാരായ ആർ. ബീനാ റാണി, എസ്. സന്തോഷ് കുമാർ, അടൂർ ആർ.ഡി.ഒ പി.ടി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

പ്രളയത്തിനിരയായ അർഹരായ മുഴുവൻപേർക്കും അർഹമായ എല്ലാ ആനുകൂല്യവും ലഭിക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം.

അനർഹർക്ക് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാനാണ് കൃത്യമായ പരിശോധന നടത്തുന്നത്. അർഹരായവർക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. പ്രളയാനന്തര പുനർനിർമാണത്തിനായി സംസ്ഥാന സർക്കാരിനു ലഭിച്ച ധനസഹായം സുതാര്യമായാണ് ചെലവഴിക്കുന്നത്. ജില്ലയിൽ വീടുകളുടെ പുനർ നിർമാണത്തിനു മാത്രം ഗുണഭോക്താക്കൾക്കു നൽകിയത് 63.25കോടി രൂപയാണ്. മൂന്നാംഘട്ടത്തിൽ അപ്പീൽ നൽകിയവരുടെ അപേക്ഷകൾ പരിശോധിച്ച് ഓഗസ്റ്റ് മാസം ധനസഹായം ലഭ്യമാക്കും.

അഡ്വ.കെ. രാജു,

വനം വന്യജീവി വകുപ്പ് മന്ത്രി