ഏനാത്ത്: മണ്ണടി, കുളക്കട നിവാസികളുടെ ചിരകാല അഭിലാഷമായ ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമ്മാണ കരാർ അടുത്ത ആഴ്ച ഒപ്പു വയ്ക്കും. കല്ലടയാറ്റിൽ നിലവിലുള്ള ഏനാത്ത് പാലത്തിന് സമാന്തരമായി മൂന്ന് കിലോമീറ്റർ താഴെ പത്തനംതിട്ട,കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. ടി. മാത്യൂ ആൻഡ് കമ്പിനിയാണ് കരാർ ഏറ്റെടുക്കുക. കേരള റോഡ്സ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. ഇരുകരകളിലായി 1 കിലോമീറ്റർ ദൂരത്തിൽ അനുബന്ധ റോഡുകളും നിർമ്മിക്കും. ഇതോടെ എം.സി റോഡിന് സമാന്തരമായി മറ്റൊരു പാലം കൂടി ഉയരും. ഏനാത്തെ പഴയപാലം തകർന്നത് മുതൽ ഉയരുന്നതാണ് മണ്ണടി ചെട്ടിയാരഴികത്ത് കടവിൽ നിന്ന് കുളക്കടയെ ബന്ധിപ്പിച്ച് പുതിയ പാലം എന്ന ആവശ്യകത. ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചതോടെ ചെട്ടിയാരഴികത്ത് പാലത്തിന്റെ പ്രധാന്യം വർദ്ധിച്ചു. കൊട്ടാരക്കര എം. എൽ. എ ഐഷാപ്പോറ്റിയുടെ ശ്രമഫലമായാണ് പാലത്തിന് ഫണ്ട് അനുവദിച്ചത്.
പുതിയ പാലത്തിന്റെ ആവശ്യകത
1. ഏനാത്ത് പാലത്തിൽ ഗതാഗത തടസം ഉണ്ടായാൽ പകരം സംവിധാനമാകും.
2. മണ്ണടി, തുവയൂർ, ചൂരക്കോട്, അടൂർ നിവാസികൾക്ക് കൊട്ടാരക്കരയിലും പുത്തൂർ, കൊല്ലം എന്നിവിടങ്ങളിലും എത്താനുള്ള എളുപ്പ മാർഗം.
3. മണ്ണടി നിവാസികൾക്ക് താഴത്ത് കുളക്കടയിൽ എത്താൻ 9 കിലോമീറ്റർ സഞ്ചരിക്കേണ്ടത് മുക്കാൽ കിലോമീറ്ററായി കുറയും.
പുതിയ പാലം
വീതി : 11 മീറ്റർ
നീളം : 130 മീറ്റർ
പത്തനംതിട്ട ജില്ലയിലെ മണ്ണടിയേയും കൊല്ലം
ജില്ലയിലെ കുളക്കടയേയും ബന്ധിപ്പിക്കും