തിരുവല്ല: കനത്തമഴ തുടരുന്നതിനാൽ അപ്പർകുട്ടനാട് വെള്ളപ്പൊക്കഭീഷണിയിലായി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കർഷകരും ആശങ്കയിലാണ്. വെള്ളിയാഴ്ച മുതൽ ശക്തമായ മഴയായാണ് പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ഇതോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയായതോടെ അപ്പർകുട്ടനാടാണ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പ, മണിമല നദികൾ കലങ്ങിമറിഞ്ഞൊഴുകുകയാണ്. പലയിടത്തും മരങ്ങൾ വീണു വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. ടി.കെ റോഡിൽ മനയ്ക്കച്ചിറയ്ക്കും തോട്ടഭാഗത്തിനും ഇടയിൽ കഴിഞ്ഞരാത്രി വാകമരം കടപുഴകി രണ്ടു കാറുകൾക്ക് മുകളിൽ പതിച്ചു. ഇരുകാറുകളിലും യാത്രികർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു നീക്കിയത്. നിരണത്തും വൈക്കത്തില്ലത്തും പെരിങ്ങരയിലും മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതി വിതരണം പ്രദേശങ്ങളിൽ മണിക്കൂറുകളോളം തടസപ്പെട്ടു. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്.
വെളളക്കെട്ട് : അപകടങ്ങൾ പതിവായി
തിരുവല്ല - കായംകുളം പാതയിൽ പുളിക്കീഴ് ഭാഗത്ത് മഴയെ തുടർന്ന് വെളളക്കെട്ട് മൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്. പുളിക്കീഴ് പള്ളി, ബാങ്ക്, പോസ്റ്റ് ഓഫീസ്, അംഗൻവാടി, രജിസ്ട്രാർ ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശത്ത് പതിവാകുന്ന വെളളക്കെട്ട് ഗതാഗത തടസങ്ങൾക്കും കാരണമാകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി തുടങ്ങി.
ഇരവിപേരൂർ മേതൃക്കോവിൽ - പൂവപ്പുഴ റോഡിൽ വെള്ളപ്പൊക്കം. മേതൃക്കോവിൽ ക്ഷേത്രത്തിന് താഴെ റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള യാത്ര പൂർണമായും തടസപ്പെട്ടു.
കാറ്റിലും മഴയിലും പ്ലാവിന്റെ ശിഖരം ഒടിഞ്ഞുവീണു കുന്നന്താനം പാറാങ്കൽ വള്ളോകുന്ന് സി.പി.കുട്ടപ്പന്റെ വീടിനു തകരാർ സംഭവിച്ചു. റവന്യു അധികൃതർ നഷ്ടം കണക്കാക്കി.