image

പത്തനംതിട്ട : ആറന്മുള സഹകരണ എൻജിനിയറിംഗ് കോളേജിന് സമീപത്തുനിന്ന് 2 കിലോ കഞ്ചാവുമായി ആര്യൻകാവ് എച്ച്.ആർ മൻസിൽ വീട്ടിൽ റഹീം (48)നെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.30ന് ആറന്മുള അയ്യൻ കോയിക്കൽ ജംഗ്ഷനിൽ കഞ്ചാവ് കൈമാറാൻ കാത്തുനിൽക്കുന്നതിനിടയിൽ പൊലിസെത്തി പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് ടീമിന്റെയും ആറന്മുള പൊലീസിന്റെയും ദിവസങ്ങളായുള്ള നീക്കത്തിന്റെ ഫലമായാണ് പ്രതിവലയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച ആന്റി നാർക്കോട്ടിക് ടീമിന്റെയും ആറന്മുള പൊലീസിന്റെയും ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവിന്റെ നേതൃത്വത്തിൽ ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സന്തോഷ് കുമാർ, എസ്.ഐ. കെ.ദിജേഷ്, ആന്റിനാർക്കോട്ടിക് ടീം എസ്.ഐ.രഞ്ചു, എ.എസ്.ഐമാരായ ബിജു ജേക്കബ്, രാധാകൃഷ്ണൻ, വിൽസൺ സിവിൽ പൊലീസ് ഒാഫീസർമാരായ രജു, ഉദയചന്ദ്രൻ ,വിനോദ് പ്രസാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

സമീപകാലത്ത് കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി തൃശൂർ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു.