പത്തനംതിട്ട : ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസിലും, മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബെഹനാൻസ് എൽ.പി സ്‌കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. രണ്ടു ക്യാമ്പുകളിലായി 67 പേർ അടങ്ങുന്ന 18 കുടുംബങ്ങളെയാണ് സുരക്ഷിതമായി പാർപ്പിച്ചിട്ടുള്ളത്. തിരുവല്ല കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം ഞവനാക്കുഴി കോളനിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കോളനി നിവാസികളെ തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസിലെ ക്യാമ്പിലേക്ക് മാറ്റി.

പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കൃഷിയ്ക്കും വ്യാപകമായ നഷ്ടം ഉണ്ടായിട്ടുണ്ട്. പ്രളയത്തിന്റെ കെടുതികൾ ഓർമയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. നദീ തീരത്തുള്ളവരിൽ പലരും മാറി താമസിക്കുന്നുണ്ട്.

തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും ജിലയിൽ മഴ തുടരുന്നു. മഴയിൽ അടൂർ താലൂക്കിലെ കടമ്പനാട് വില്ലേജിൽ മൂന്നു വീടുകൾക്കും പള്ളിക്കൽ വില്ലേജിലെ ഒരു വീടിനും കോഴഞ്ചേരി താലൂക്കിൽ മതിൽ തകർന്ന് രണ്ടു വീടിനും റാന്നി പെരുനാട് വില്ലേജിൽ ഒരു വീടിനും ഭാഗിക നാശനഷ്ടം ഉണ്ടായി.

ജാഗ്രതാ നിർദേശം

പമ്പ നദിയിലും കക്കാട്ട് ആറ്റിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ജല നിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ തോടുകളും പുഴയും മുറിച്ചു കടക്കുന്നത് ഒഴിവാക്കണം. കുട്ടികളെ വെള്ളക്കെട്ടിൽ ഇറങ്ങാൻ അനുവദിക്കരുത്.
നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കൺട്രോൾ റൂമിലും താലൂക്ക് കൺട്രോൾ റൂമുകളിലും അധികമായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ തഹസിൽദാർമാർക്കും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി.

കളക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

ഫോൺ: കളക്‌ടറേറ്റ് : 0468 2322515, 0468 2222515, 8078808915

താലൂക്ക് ഓഫീസ്: തിരുവല്ല 0469 2601303

കോഴഞ്ചേരി : 04682222221

മല്ലപ്പളളി: 0469 2682293

അടൂർ: 04734 224826

റാന്നി: 04735 227442

കോന്നി: 0468 2240087

 മഞ്ഞ അലർട്ട് 23 വരെ

ജില്ലയിൽ രണ്ടു ക്യാമ്പുകളിലായി 67 പേർ,
18 കുടുംബങ്ങൾ

സെന്റ് തോമസ് സ്‌കൂളിന് ഇന്ന് അവധി

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ് സ്‌കൂളിന് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.