അടൂർ: അന്തർ സംസ്ഥാന കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി അടൂർ പൊലീസിന്റെ പിടിയിലായി. വിശാഖപട്ടണത്ത് നിന്ന് തെക്കൻ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ പുനലൂർ കണ്ണറ കഴുതുരുട്ടിയിൽ അമ്പിളി വിലാസത്തിൽ ബിജു (46) വിനെയാണ് 2.100 കിലോ കഞ്ചാവുമായി അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദിന്റെ നേതൃത്വത്തിലുള്ള സംഘം അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഇന്നലെ പുലർച്ചെ 4ന് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി കൊലപാതക കേസ് ഉൾപ്പെടെ 21 കേസുകളിലെ പ്രതിയാണ് ബിജു. ഷാഡോ സംഘത്തിലെ എസ്.ഐ. രഞ്ജു, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, വിൽസൺ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു. സി. ഐ യു.ബിജു, എസ്.ഐ.ലിബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗോപകുമാർ, വിനോദ്, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.