nss
പന്തളം എൻഎസ്എസ് കരയോഗ യൂണിയനിൽ ആദ്ധ്യാത്മിക സംഗമത്തിന്റെ സമാപന സമ്മേളനം എൻഎസ്എസ് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ലോകത്തെ എല്ലാ തത്വസംഹിതകളുടെയും ഉറവിടമാണു രാമായണമെന്ന് എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ പറഞ്ഞു. പന്തളം എൻ.എസ്.എസ് കരയോഗ യൂണിയൻ രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തിയ ആദ്ധ്യാത്മിക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് തിന്മയെ ഇല്ലാതാക്കി നന്മയെ വളർത്തിയെടുക്കാൻ രാമായണം സഹായിക്കുന്നു. ആദ്ധ്യാത്മികമായ ചിന്തകളെ തകർക്കാനുള്ള ശക്തമായ ശ്രമ ങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ചെറുക്കാനാണ് എൻ.എസ്.എസ് എല്ലാ കരയോഗങ്ങളിലും ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചത്. അത് കരയോഗാംഗങ്ങളിൽ ഏറെ ആദ്ധ്യാത്മിക ഉണർവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. മത്സര വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റും നായകസഭാംഗവുമായ പന്തളം ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. പ്രതിനിധി സഭാംഗങ്ങളായ തോപ്പിൽ കൃഷ്ണക്കുറുപ്പ്, എ.കെ. വിജയൻ, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ ഉണ്ണിത്താൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജി. സരസ്വതിയമ്മ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.കെ. പത്മകുമാർ സ്വാഗതവും മന്നം സോഷ്യൽ സർവീസ് സൊസൈറ്റി കോ ഓർഡിനേറ്റർ ജി. ശങ്കരൻനായർ നന്ദിയും പറഞ്ഞു. പന്തളം എൻഎസ്എസ് ബോയ്സ് ഹൈസ്‌കൂളിൽ രാവിലെ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയാണ് സംഗമവും രാമായണ മാസാചരണവും ഉദ്ഘാടനം ചെയ്ത്. പ്രതിനിധി സഭാംഗം പണയിൽ ശിവശങ്കരപ്പിള്ള, വനിതാ യൂണിയൻ സെക്രട്ടറി രമാ രാജൻ എന്നിവർ പങ്കെടുത്തു. ആദ്ധ്യാത്മിക പഠനകേന്ദ്രം യൂണിയൻ കോഓർഡിനേറ്റർ കെ. മധുസൂദനക്കുറുപ്പ് സ്വാഗതം പറഞ്ഞു. കരയോഗങ്ങളിൽ നടന്നു വരുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് ആദ്ധ്യാത്മിക സംഗമം നടത്തിയത്. യൂണിയനിലെ 86 കരയോഗങ്ങളിലെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. രാമായണത്തെ അടിസ്ഥാനമാക്കി കഥാകഥനം, പ്രശ്‌നോത്തരി, ഓർമ്മശക്തി പരിശോധന, പാരായണം, പ്രസംഗം എന്നിവയിൽ നാലു ശ്രേണികളായാണു മത്സരങ്ങൾ നടന്നത്.