ആറൻമുള: തോരാമഴയാണ്. കഴിഞ്ഞ പ്രളയം വിതച്ച ഭീതി നാടിന്റെ ഒാർമ്മയിലുണ്ട്. ആ ഒാർമ്മകൾക്കിടയിലാണ് എഴിക്കാട് കോളനിയിലെ രഘുനാഥൻ തോണിയൊരുക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ നൂറോളം പേരെയാണ് തന്റെ കൊച്ചുവളളത്തിൽ രഘുനാഥൻ രക്ഷപ്പെടുത്തിയത്. അന്നുണ്ടായ കേടുപാടിനെ തുടർന്ന് വീടിനോടു ചേർത്തുവച്ച വളളമാണ് പുതുക്കിപ്പണിയുന്നത്. ഇത്തവണയും വെളളം പൊങ്ങിയാൽ നാടിന്റെ രക്ഷയ്ക്ക് രഘുനാഥൻ ഉണ്ടാകും.
പണം കടംവാങ്ങിയാണ് വളളത്തിന്റെ പണി നടത്തുന്നത്. സുഹൃത്തായ വിജയൻ ആശാരിയും സഹായത്തിനുണ്ട്.. കെട്ടുപണികൾ കൂടാതെ വളളത്തിൽ വെളളം കയറാതിരിക്കാൻ കശുഅണ്ടിക്കറയും നെയ്യും ചേർത്ത് മൂന്നുതവണ കട്ടിക്ക് തേക്കണം. രണ്ടുദിവസം കൊണ്ട് പണി പൂർത്തിയാക്കും.
എഴിക്കാട് കോളനിയോട് ചേർന്നുളള പുഞ്ചയിൽ മേൽനിരപ്പോളം വെളളം പൊങ്ങിയിട്ടുണ്ട്. ഇന്നലെ മഴയ്ക്ക് അൽപ്പം ശമനമുണ്ടായതിനാൽ വെളളം അതേനിരപ്പിൽ നിൽക്കുകയാണ്. മഴ ശക്തമായാൽ കോളനിയിലേക്ക് വെളളം കയറും. കഴിഞ്ഞ തവണത്തേതുപോലെ മലയോര മേഖലയിൽ ഉരുൾപ്പൊട്ടലുണ്ടാവുകയും പമ്പയിൽ ജലനിരപ്പ് ഉയരുകയും ചെയ്താൽ എഴിക്കാട് കോളനിക്കാർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വരും.
>>>>
ഒാർമ്മയുണ്ടോ ഇൗ മുഖം ?
രഘുനാഥനെ ഒാർമ്മയില്ലേ ? ഇല്ലെങ്കിൽ അറിഞ്ഞോളൂ .... കഴിഞ്ഞ മഴക്കാലത്ത് എഴിക്കാട് കോളനിയോട് ചേർന്നുളള പുഞ്ചയിൽ മീൻപിടിക്കാൻ തന്റെ വളളത്തിൽപോയ രഘുനാഥൻ തിരികെ വന്നപ്പോൾ കണ്ടത് പ്രളയത്തിൽ നാട് മുങ്ങുന്നതാണ്. വളളത്തിൽ നൂറോളം പേരെ അടുത്തുളള ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. പ്രളയത്തിൽ രഘുനാഥന്റെ വീടിന്റെ പിൻവശത്തെ അടിത്തറ താഴ്ന്ന് ഇരുത്തിപ്പോയിരുന്നു. പിന്നീട് എഴിക്കാട് സന്ദർശിച്ച രാഹുൽഗാന്ധി രഘുവിന്റെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞു. രഘുവിന്റെ വീട്ടിലെത്തി രാഹുൽ അഭിനന്ദിച്ചു. പക്ഷെ, ഒരു വർഷമായിട്ടും രഘുവിന്റെ വീട് നന്നാക്കാൻ പണം കിട്ടിയില്ല. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡി.സി.സി നേതൃത്വം രഘുവിന്റെ വീട്ടിലെത്തി വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.