അടൂർ: സുരക്ഷാ ഇടനാഴിയായി വികസിപ്പിക്കുന്ന എം.സി റോഡിലെ നിർമ്മാണത്തിലെ കെടുകാര്യസ്ഥത മൂലം ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക്. പൊന്നുംവിലയ്ക്ക് എടുത്തതും പുറമ്പോക്കുമായ ഭൂമി പൂർണ്ണമായും വിനിയോഗിക്കാതെ പണികൾ നടക്കുന്നുവെന്ന ആക്ഷേപം തുടക്കം മുതലേയുണ്ട്. വ്യാപക പരാതി ഉയർന്നെങ്കിലും ഉദ്യോഗസ്ഥരും കരാറുകാർക്കൊപ്പമായതോടെ റോഡ് വീതികൂട്ടൽ പ്രഹസനമായി. നെല്ലിമൂട്ടിൽപടിയിൽ നടന്ന കലുങ്ക് നിർമ്മാണം ഇതിന് തെളിവാണ്. 2 മീറ്ററിലധികം വരുന്ന സർക്കാർ പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് ഉപയോഗപ്പെടും വിധത്തിൽ കലുങ്കും ഓടയും വളച്ചുകെട്ടി നിർമ്മിച്ചതോടെ റോഡിന്റെ വീതി നന്നേ കുറഞ്ഞു. തിരക്കേറിയ നെല്ലമൂട്ടിൽപടി റൗണ്ടപ്പിൽ റോഡിന് അധികം സ്ഥലം ആവശ്യമെന്നിരിക്കെയാണ് ഇത്തരത്തിൽ പണികൾ നടത്തിയത്. ഓടയും അതിന് മുകളിലായി ഫുട്പാത്തും നിർമ്മിക്കുന്നതിനും എം.സി റോഡിന്റെ വീതി കൂട്ടുന്നതിനുമായി 2007-ൽ പൊന്നുംവിലയ്ക്കാണ് ഭൂമി ഏറ്റെടുത്തത്. അന്ന് സ്ഥാപിച്ച അതിരുകല്ലുകൾ സ്വകാര്യ വ്യക്തികൾ നശിപ്പിച്ചതോടെ റീ സർവ്വേ വകുപ്പിന്റെ സഹായത്തോടെ വീണ്ടും അളന്ന് തിരിച്ച് കല്ലിട്ടിരുന്നു. ഈ സ്ഥലം ഏറ്റെടുത്ത് ഓട നിർമ്മിച്ച് റോഡിന്റെ നിലവിലെ വീതി വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്ഥലം വിനിയോഗിക്കാതെ ഓടതെളിച്ച് അതിന് മുകളിൽ സ്ളാബിട്ട് ഫുട്പാത്ത് നിർമ്മിക്കുകയാണ്. സർക്കാർ ഭൂമി പൂർണ്ണമായും തിരിച്ചുപിടിച്ച് ഉപയോഗപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നടത്തുന്നത്. പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
കെ.മഹേഷ് കുമാർ,
സി.പി.എം അടൂർ ലോക്കൽ കമ്മിറ്റിയംഗം.