തിരുവല്ല: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം ഇരുന്നൂറ് പിന്നിട്ടു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 68 കുടുംബങ്ങളിൽ നിന്നായി 201 പേർ അഭയം തേടി. തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിലാണ് രണ്ടാമത്തെ ക്യാമ്പ് തുടങ്ങിയത്. ഇവിടെ 27 കുടുംബങ്ങളിൽ നിന്നുള്ള 36 പുരുഷന്മാരും 32 സ്ത്രീകളും 15 കുട്ടികളുമാണ് ളളളത്. തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂളിലെ ക്യാമ്പിൽ കൂടുതൽ കുടുംബങ്ങളെത്തി. കുറ്റപ്പുഴ വില്ലേജിലെ ഇടമത്തറ കോളനിയിലെ ആറ് വീടുകളിൽ വെള്ളം കയറി. വെള്ളം ഉയരാത്തതിനാൽ ഇവർ ക്യാമ്പുകളിലേക്ക് മാറിയിട്ടില്ല. കനത്തമഴ കുറഞ്ഞെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. പമ്പാ - മണിമല നദികളിൽ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറയുകയും വെള്ളം തെളിയുകയും ചെയ്തു. വരും ദിവസങ്ങളിൽ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരതോട്, തേവേരി, കടപ്ര, ആലന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ താമസസ്ഥലങ്ങളിലും റോഡുകളിലും വെള്ളം ഒഴിഞ്ഞു പോകുന്നില്ല. ഇരതോട് പള്ളിക്ക് കിഴക്കുവശം ഇടയോടി ചെമ്പ് പാടശേഖരത്തിലേക്ക് പോകുന്ന തോട് സ്വകാര്യ വ്യക്തികൾ അടച്ചതിനാൽ വെള്ളം ഒഴിഞ്ഞു പോകുന്നില്ല. ഇവിടെ പത്തോളം വീട്ടുകാർ ദുരിതം അനുഭവിക്കുകയാണ്. തിരുമൂലപുരം അടമ്പട കോളനിയിൽ പത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ ഗ്രാമീണ റോഡുകളാണ് ഏറെയും വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. ഇന്നലെ താലൂക്കിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഏത് അടിയന്തരഘട്ടവും നേരിടാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ശോഭന ചന്ദ്രൻ, തഹസീൽദാർ