ചെങ്ങന്നൂർ: എം.സി റോഡിൽ ടെലികോം കമ്പനി തീർത്ത കുഴിയിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഇന്നലെ മാത്രം ഇവിടെ വീണത് 12 ഇരുചക്രവാഹന യാത്രക്കാരാണ്. അപകട വളവായ ആഞ്ഞിലിമൂട് കവലയ്ക്ക് സമീപമാണ് കുഴിയുള്ളത്. കേബിളിനായി കുഴിച്ച സ്വകാര്യ ടെലികോം കമ്പനി പണിക്കുശേഷം കോൺക്രീറ്റ് ചെയ്‌തെങ്കിലും ശരിയായിട്ടില്ല. മഴ പെയ്തതോടെ കോൺക്രീറ്റ് ഇളകിമാറി വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടു. കനത്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. റോഡിലും വെളളമുളളതിനാൽ കുഴിയേതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. കെ.എസ്.ടി.പി അന്താരാഷ്ട്ര നിരവാരത്തിൽ പണിത റോഡായതിനാൽ വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. അപ്രതീക്ഷിതമായി കുഴിയിൽ ചാടേണ്ടി വരുമ്പോഴാണ് മിക്കവരും നിയന്ത്രണം വിടുന്നത്. ഇരു വശവും വളവുകളുളള റോഡിൽ കുഴികളുളള കാര്യം ദൂരെനിന്നു ഡ്രൈവർമാർക്ക് കാണാൻ കഴിയുന്നില്ല. അടിയന്തരമായി കുഴി മൂടിയില്ലെങ്കിൽ ഈ ഭാഗത്ത് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.