ചെങ്ങന്നൂർ: ട്രെയിനിൽ യാത്രചെയ്യവെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂർ ളാകശേരി വിഘ്‌നേശ്വരത്തിൽ ജ്യോതിഷ് (27)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കന്യാകുമാരി-മുംബൈ ജയന്തിജനത എക്‌സ്‌പ്രസിലാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ- . ഇരുപത്തിമൂന്നുകാരിയായ യുവതിയെ നിരന്തരം ജ്യോതിഷ് ശല്യം ചെയ്തിരുന്നു. ട്രെയിൻ യാത്രക്കിടെ വീണ്ടും പ്രണയാഭ്യാർത്ഥന നടത്തുകയും കൈയ്യിൽ കടന്നു പിടിക്കുകയും ചെയ്തു. യുവതിയുടെ മൊബൈൽ തട്ടിയെടുത്ത് ഫോട്ടോ എടുത്തശേഷം ഫോട്ടോ സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം ചെല്ലണമെന്ന് നിർബന്ധിക്കുകയും വന്നില്ലെങ്കിൽ പെട്രോൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റുചെയ്ത ജ്യോതിഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.