പത്തനംതിട്ട : ജില്ലയിലെ താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളിൽ മന്ത് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ വർഷം ഇതുവരെ 40 പേരിൽ മന്ത് രോഗത്തിന് മുമ്പ് ഉണ്ടാകുന്ന മൈക്രോഫിലേറിയ (എം.ഫ്) ബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗം പേരും വൃത്തിഹീനമായ സാഹചര്യത്തിലാണ് കഴിയുന്നത്. കുട്ടികൾ അടക്കമുള്ളവർ ക്യാമ്പുകളിലുണ്ട്. ഒറ്റമുറി വീടുകളിൽ കൂട്ടമായാണ് ഇവരുടെ താമസം. ആ മുറിയിൽ 10 മുതൽ 16 വരെ ആളുകൾ ആണ് താമസിക്കുന്നത്. എല്ലാവർക്കുമായി ഒരു ശുചിമുറിയും.
ജാർഖണ്ഡ്, ബീഹാർ, ഹരിയാന, അരുണാചൽപ്രദേശ്, ആസാം, ഉത്തർപ്രദേശ്, ഛത്തീസ് ഗഡ്, വെസ്റ്ര് ബംഗാൾ തുടങ്ങിയ സ്ഥലത്ത് നിന്നെത്തിയവരിലാണ് മൈക്രോഫിലേറിയ കണ്ടെത്തിയത്. രാത്രിയിലാണ് രോഗാണുക്കളെ രക്തത്തിൽ കാണുക. നൂല് പോലെ നേർത്ത വിര വർഗത്തിലുള്ള വുക്കേറിയ ബാൻക്രോഫ്റ്റിയാണ് മന്ത് രോഗത്തിന് കാരണം. ഇതിന്റെ ആദ്യ രൂപമാണ് മൈക്രോഫിലേറിയ. പുരുഷൻമാരിലാണ് കൂടുതലും കാണപ്പെടുന്നത്.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് മന്ത് രോഗം പകരുന്നത്.
കൊതുക് നശീകരണം ആണ് മന്ത് രോഗത്തിന്റെ പരിഹാരം. മന്ത് രോഗം ബാധിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടാണ്. മൈക്രോഫിലേറിയ പോസിറ്റീവ് ആയ എല്ലാവർക്കും മന്ത് രോഗം വരണമെന്നില്ല. ശൈശവത്തിൽ രോഗബാധ എൽക്കുന്നവരുമുണ്ട്. വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ രോഗ ലക്ഷണങ്ങൾ പോലും കാണിച്ചു തുടങ്ങൂ. ഏത് പ്രായത്തിലുള്ളവർക്കും മന്ത് ബാധിക്കാം.
മന്ത് പനി, കുളിര്, വിറയൽ, നീരുവയ്ക്കുക, നീരുള്ളിടത്ത് ചുവന്ന തുടിപ്പ്, തൊലിപ്പുറത്ത് കുരുക്കളും, പഴുപ്പും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
" ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ രാത്രിയിൽ പരിശോധന നടത്തി. മന്ത് രോഗം പൂർണമായി ആരിലും കണ്ടെത്തിയിട്ടില്ല. സാദ്ധ്യത മാത്രമേയുള്ളു. "
ആരോഗ്യ വകുപ്പ് അധികൃതർ