tri
ടിൽട്ടബിൾ സ്റ്റെബിലൈസർ ഘടിപ്പിച്ച ട്രൈ സ്കൂട്ടർ

പത്തനംതിട്ട : അംഗപരിമിതർക്കുളള ട്രൈ സ്കൂട്ടറുകളുടെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് സുരക്ഷിതത്വവും മെക്കാനിസവും സംയോജിപ്പിച്ചുളള ടിൽട്ടബിൾ സ്റ്റെബിലൈസർ കടമ്മനിട്ട മൗണ്ട്സിയോൺ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ചു. ഗോപു എം.ചന്ദ്രൻ, ഒ.വിഷ്ണു, ഒ.അഖിൽ, അരുൺകൃഷ്ണൻ എന്നീ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് ടിൽട്ടിംഗ് സ്റ്റെബിലൈസർ സംവിധാനം ഡിസൈൻ ചെയ്തത്. ഗാൽവാനിക്ക് അയൺ പൈപ്പിൽ നിർമ്മിച്ച ടിൽട്ടബിൾ സ്റ്റെബിലൈസിംഗ് ദീർഘകാലം നിലനിൽക്കുകയും സുഗമയാത്ര സാദ്ധ്യമാക്കുകയും ചെയ്യുമെന്ന് വിദ്യാർത്ഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ സുരക്ഷ..

അപകടകരമായ ചരിവോടു കൂടിയ വളവുകൾ, ഹെയർപിൻ വളവുകൾ കുണ്ടും കുഴികളും നിറഞ്ഞ റോഡുകൾ, ടാർ ചെയ്യാത്ത നാട്ടുവഴികൾ, ഇടവിട്ടു റോഡിന്റെ നടുവിലെ കുഴികൾ തുടങ്ങിയവ വാഹനം തെന്നി മാറാനും സൈഡ് വീൽ പൊങ്ങാനും നിയന്ത്രണം നഷ്ടപ്പെടാനും വഴിയൊരുക്കും. പുതിയതായി ഡിസൈൻ ചെയ്ത ടിൽട്ടബിൾ സ്റ്റെബിലൈസർ വാഹനത്തിന്റ സൈഡു വീലുകളെ ടിൽട്ടിംഗിലൂടെ റോഡിന്റെ അവസ്ഥക്ക് അനുസൃതമായി ചരിക്കുകയും താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. കുഴികളിൽ വീഴുമ്പോൾ വാഹനത്തിനും യാത്രക്കാരനും സൈഡു വീലുകൾക്കും ഉണ്ടാകുന്ന പ്രകമ്പനം തടയുവാൻ സ്റ്റെബിലൈസറിലേക്കു ഷോക്കബ്സോർബറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞ നിർമ്മാണം പ്രയോജനകരമാകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 10000 രൂപ ചെലവിലാണ് ഒന്ന് നിർമ്മിച്ചത്. ആവശ്യക്കാരേറുമ്പോൾ ചെലവ് കുറയും.മെക്കാനിക്കൽ വിഭാഗം പ്രോജക്ട് ഇൻചാർജർ നിതിൻ കെ.രാജൻ, ഗൈഡ് രൂബേൻ രാജ് മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

-ടിൽട്ടബിൾ സ്റ്റെബിലൈസർ ഇരുചക്രവാഹനങ്ങളിലും ഘടിപ്പിക്കാം

-ചെലവ് 10000 രൂപ

-ആവശ്യക്കാരുണ്ടെങ്കിൽ ചെലവ് കുറയും