പത്തനംതിട്ട: ജില്ലയിൽ ഒരാഴ്ചയായി നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശമനം. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഴ ശമിച്ചതോടെ മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബഹന്നാൻസ് എൽ.പി.എസിൽ പ്രവർത്തിച്ചു വന്നിരുന്ന ക്യാമ്പ് അവസാനിപ്പിച്ചു. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്. എസ്.എസിലും എസ്.എൻ.വി.എച്ച്എസിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നത്. 58 കുടുംബങ്ങളിലെ 201 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പ് പ്രവർത്തിക്കുന്ന ഈ രണ്ട് സ്​കൂളുകൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിലെ കല്ലുംകുഴിയിലും കുരമ്പാല വില്ലേജിലെ പൂഴിക്കാട് മുറിയിലും ഓരോ വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു.