അടൂർ: ടൂറിസ്റ്റ് ബസിനുള്ള പെർമിറ്റ് ഉപയോഗിച്ച് റൂട്ട് സർവ്വീസ് നടത്തിയ ശരണ്യാ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ്, പൊലീസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേകസംഘം പിടികൂടി. എറണാകുളം അമൃതയിൽ നിന്ന് കടയ്ക്കലേക്ക് സർവീസ് നടത്തവെ ഇന്നലെ രാത്രി 7.30ന് അടൂരിൽ നിന്നാണ് വാഹനം പിടികൂടിയത്. പരിശോധന സമയം ബസിൽ 19 യാത്രക്കാ രുണ്ടായിരുന്നു. അമൃതയിൽ നിന്ന് 3.40ന് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുറപ്പെടുന്നുണ്ട്. ഇതിന് തൊട്ടു മുന്നിലായി 3.30നാണ് ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിക്കുന്നത്. ഇത് കെ.എസ്.ആർ.ടി.സിയ്ക്ക് നഷ്ടം വരുത്തിവച്ചതോടെ ട്രാൻ. എം.ഡി എം.പി ദിനേശിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. ബസിന്റെ മുന്നിൽ എൽ.ഇ.ഡി ഉപയോഗിച്ച് ബസ് കടന്ന് പോകുന്ന സ്ഥലങ്ങളുടെയും സ്റ്റോപ്പുകളുടെയും വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ഇത് കൂടാതെ സമാന്തര സർവീസ് നടത്തിയ ജീപ്പ് ഉൾപ്പടെയുള്ള 17 വാഹനങ്ങളും സ്ക്വാഡ് പിടികൂടി. മോട്ടോർ വാഹന വകുപ്പ് പരിശോധനാ വിഭാഗം സംസ്ഥാന കോർഡിനേറ്റർ എസ്. ജെ.പ്രദീപ്, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജെ.ദീപക്ക്, എസ്.ആർ.ഷംനാഥ്, എസ്.ജെ. ശ്രീജിത്ത്, കൃഷ്ണപ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.