പുല്ലാട് : കാശെറിഞ്ഞുള്ള കല്യാണം വേണ്ടെന്ന് പുല്ലാട് ദേവീവിലാസം എൻ. എസ്. എസ്. കരയോഗം. നിശ്ചയം മുതൽ കല്യാണം വരെ നീളുന്ന ആർഭാടങ്ങൾ വൻ കടബാദ്ധ്യതയ്ക്ക് കാരണമാകുന്നത് ഒഴിവാക്കാനാണ് തീരുമാനം.
മുഴുവൻ കരയോഗ അംഗങ്ങളെയും കത്തയച്ച് ക്ഷണിച്ച് നടത്തിയ വിശേഷാൽ പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. വിവാഹത്തോട് അനുബന്ധിച്ചുള്ള പല ചടങ്ങുകളും ദുരഭിമാനവും അനാചാരവും മൂലം ഉണ്ടാകുന്നതാണെന്ന് പൊതുയോഗം വിലയിരുത്തി. ഇത് കുടുംബങ്ങളെ സാമ്പത്തികമായി തകർക്കും.
വിവാഹനിശ്ചയം പലപ്പോഴും മിനി വിവാഹമായി മാറുകയാണ്. ഇത് ഒഴിവാക്കണം. വിവാഹ നിശ്ചയം സ്വന്തം വീട്ടിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തണം.. ഇരുപക്ഷത്തുനിന്നും അൻപത് ആളുകളെ മാത്രം പങ്കെടുപ്പിച്ചാൽ മതി. പ്രത്യേക സാഹചര്യത്തിൽ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വന്നാൽ യാതൊരു കാരണവശാലും നൂറിൽ കൂടാൻ പാടില്ല. വിവാഹനിശ്ചയം പന്ത്രണ്ട് മണിക്ക് മുമ്പ് പൂർത്തിയാക്കുകയും സദ്യ ഒഴിവാക്കി ലഘുഭക്ഷണം നൽകുകയും വേണം.
വിവാഹത്തലേന്ന് വധുവരന്മാരുടെ വീട്ടിൽ നടത്തുന്ന വിരുന്ന് സൽക്കാരങ്ങൾ ഒഴിവാക്കണം. സന്ദർശകർക്ക് ചായ സൽക്കാരം മാത്രം മതി. വിവാഹ ദിവസം വൈകുന്നേരമുള്ള അടുക്കള കാണൽ ചടങ്ങ് അവസാനിപ്പിക്കണം. തൊട്ടടുത്ത ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് പത്തുപേരിൽ ഒതുങ്ങുന്ന ബന്ധുക്കൾ വരന്റെ ഗൃഹം സന്ദർശിച്ചാൽ മതി.
വിവാഹ ദിവസം അണിയുന്ന സ്വർണം അൻപത് പവനിൽ താഴെ പരിമിതപ്പെടുത്താൻ ശ്രമിക്കണം. വിവാഹ വസ്ത്രത്തിന്റെ വിലയിൽ മിതത്വം പാലിക്കണം.
തങ്ങളുടെ മക്കളുടെ വിവാഹം ആർഭാടരഹിതമായി നടത്തുമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത പലരും അറിയിച്ചു.
കരയോഗം പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ച വിശേഷാൽ പൊതുയോഗം എൻ. എസ്.എസ് പ്രതിനിധി സഭാംഗവും എച്ച്. ആർ. സെൽ കോർഡിനേറ്ററുമായ കെ. പി. രമേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ശാന്തകുമാരൻ നായർ മുഖ്യപ്രസംഗം നടത്തി. താലൂക്ക് യൂണിയൻ അംഗം കെ. ജി. പുരുഷോത്തമൻ നായർ, കരയോഗം സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, സുനിൽകുമാർ പുല്ലാട്, മധു ഉഷസ്, ദിലീപ് കുമാർ, അജിത്ത് പുല്ലാട്, തുളസീധരൻ നായർ, ശിവൻപിള്ള ചുഴുകുന്നേൽ, ഷൈലജാ പണിക്കർ, ശ്രീകുമാരി, സിന്ധു മഠത്തിലേത്ത് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.